25 September, 2019 04:53:26 PM


കിടപ്പറ ദൃശ്യങ്ങള്‍ 4000ലേറെ; രാജ്യത്തെ ഏറ്റവും വലിയ 'പെണ്‍കെണി'യുടെ തിരശ്ശീല തുറന്ന് മധ്യപ്രദേശ്



ഭോപാൽ: രാജ്യത്തെ 'ഏറ്റവും വലിയ' ലൈംഗിക വിവാദത്തിന്‍റെ തിരശ്ശീല തുറന്ന് മധ്യപ്രദേശ്. ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വിഐപികളും വ്യവസായികളും ഉൾപ്പെടെ 'പെൺകെണി'യിൽ കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുന്നു. സെക്സ് ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയത്. ഭോപാലിലേതു രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.


ഇതിനിടെ മെമ്മറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും ആരംഭിച്ചു. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റില്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കും. സ്ത്രീകൾ പുരുഷന്മാരെ വശീകരിച്ച് കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളിക്യാമറയിൽ  ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് മാഫിയാ സംഘത്തിന്‍റെ രീതി. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം വലവിരിച്ചതും സജീവമായതും. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജൻ സിംഗ് എന്ന യുവാവിന്‍റെ പരാതിയാണു ഹണിട്രാപ്പിന്‍റെ ഉള്ളറകളിലേക്കു വഴിതുറന്നത്.



മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ഫുട്ബോളർ കൂടിയായ ഹർഭജന്‍റെ പരാതി മധ്യപ്രദേശ് രാഷ്ട്രീയത്തിലും കൊടുങ്കാറ്റ് ഉയര്‍ത്തി. അന്വേഷണത്തിൽ പെൺകെണി മാഫിയയുടെ വലിയ ശൃംഖലയാണ് സംസ്ഥാനത്തു പ്രവർത്തിക്കുന്നതെന്ന വിവരം പുറത്തുവന്നു. 'ഇരകളിൽ' സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉൾപ്പെട്ടിരുന്നു. ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്. ശ്വേത വിജയ് ജെയ്ൻ വഴിയാണു മോണിക്ക യാദവിനെ ഹർഭജൻ പരിചയപ്പെടുന്നത്.


മോണിക്കയ്ക്കു ജോലി തരപെടുത്തി കൊടുക്കണമെന്നായിരുന്നു ശ്വേതയുടെ ആവശ്യം. വിട്ടുവീഴ്ചകൾക്കു തയാറായാൽ ജോലി ലഭിക്കുമെന്നായിരുന്നു ഹർഭജന്‍റെ പ്രതികരണം. അതിവേഗം ഇവർ സുഹൃത്തുക്കളായി. ഹോട്ടൽ മുറിയിലെ രഹസ്യ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ പെൺകുട്ടി ഹർഭജൻ അറിയാതെ ക്യാമറയിൽ പകർത്തി. സംസ്ഥാനമാകെ വ്യാപിച്ചു കിടക്കുന്ന സെക്സ് റാക്കറ്റിന്‍റെ ഇരയാകുകയാണു താനെന്ന കാര്യം അയാൾ അറിഞ്ഞില്ല. മോണിക്കയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ആർതിയും കൂട്ടരും ഹർഭജനെ ബ്ലാക്മെയിൽ ചെയ്യാൻ തുടങ്ങി. മൂന്നു കോടി രൂപ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഈ മാസം 17ന് ഹർഭജൻസിംഗ് ഇൻഡോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആർതി ദയാൽ, മോണിക്ക യാദവ് എന്നീ സുന്ദരികളെ മുൻനിർത്തിയാണു സംഘം ഇരകൾക്കായി വലയൊരുക്കുന്നതെന്നു പൊലീസ് കണ്ടെത്തി.


മൂന്നു കോടിയുടെ ആദ്യ ഗഡു 50 ലക്ഷം തരാമെന്നു പറഞ്ഞു വിജയ് നഗറിലെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയാണ് ആരതി, മോണിക്ക, ഡ്രൈവർ ഓം പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഭീകര വിരുദ്ധ സ്കാഡിന്‍റെ (എടിഎസ്) സഹായവും പൊലീസ് തേടി. എടിഎസ് നടത്തിയ അന്വേഷണത്തിലാണു റാക്കറ്റിന്‍റെ വേരുകളിലേക്കു ഇറങ്ങിചെല്ലാൻ പൊലീസിനായത്. ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥനും ഇവരുടെ കെണിയിൽപെട്ടെന്ന വിവരവും അനേവഷണത്തില്‍ കണ്ടെത്തി. സംഭവം രാഷ്ട്രീയ വിവാദവുമായി. പരാതിക്കാരനായ ഹർഭജൻ സിങ്ങിനെതിരെ നടപടിയെടുത്തു. ഇൻഡോർ മേയറുടെ റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്ച ഇൻഡോർ മുനിസിപ്പൽ കമ്മിഷൻ ഹർഭജനെ സസ്പെൻഡ് ചെയ്തു. ഒളിക്യാമറകൾ, കണക്കിൽപ്പെടാത്ത പണം, മൊബൈൽ ഫോണുകൾ, ആഡംബര വാഹനങ്ങൾ എന്നിവ തട്ടിപ്പുസംഘത്തിൽനിന്നു പൊലീസ് പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K