17 September, 2019 07:47:47 AM


രാജസ്ഥാനിലും കൂറുമാറ്റം: ബിഎസ്‍പിയുടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു



ജയ്‍പുര്‍: കര്‍ണാടകയ്ക്കും ഗോവയ്ക്കും പിറകേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി. നിയമസഭയിലെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ആറ് ബിഎസ്‍പി എംഎല്‍എമാരും കൂടി ഇന്നലെ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് സിപി ജോഷിക്ക് കത്ത് നല്‍കി. 

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബിജെപി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ബിഎസ്‍പി എംഎല്‍എമാര്‍ കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിന്‍റെ  നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ബിഎസ്‍പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് സൂചന. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്‍ചന്ദ് ഖേറിയ എന്നീ ബിഎസ്‍പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണ് എന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. 

വര്‍ഗ്ഗീയ ശക്തികളോട് ശക്തമായി പോരാടുക, സംസ്ഥാനത്തിന്‍റെ വികസനത്തിനായി വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസില്‍ എത്തിയിരിക്കുന്നത്.  അശോക് ഗെല്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല - ബിഎസ്‍പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജേന്ദ്ര ഗുഡ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

നിലവില്‍ ഞങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടണ്ട്. അതേസമയം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഇനി വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അവര്‍ക്കെതിരെയാണ് ഞങ്ങള്‍ മത്സരിക്കുന്നത്.  ഈ വൈരുധ്യം എതിരാളികള്‍ക്ക് ശക്തി നല്‍കും എന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് രാജേന്ദ്ര ഗുഡ് വിശദീകരിക്കുന്നു. 

2018-ല്‍ നടന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 അംഗ നിയമസഭയില്‍ നൂറ് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. ഈ ഘട്ടത്തില്‍  ആറ് എംഎല്‍എമാരുണ്ടായിരുന്ന ബിഎസ്‍പി അധ്യക്ഷ മായാവതിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസിന് പിന്തുണ നല്‍കി. ഇതോടൊപ്പം 13 സ്വതന്ത്രന്‍മാരില്‍ 12 പേരുടെ പിന്തുണയും സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം സര്‍ക്കാരുണ്ടാക്കിയത്. പിന്തുണ നല്‍കിയ സ്വതന്ത്ര എംഎല്‍എമാര്‍ എല്ലാം ഇതിനോടകം കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം ആറ് ബിഎസ്‍പി എംഎല്‍എമാര്‍ കൂടി എത്തുന്നതോടെ രാജസ്ഥാന്‍ നിയമസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ 118 ആയി ഉയരും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K