14 September, 2019 11:46:24 AM


പ്രധാനമന്ത്രി മോദിയുടെ ജന്മദിനാഘോഷം; ആശുപത്രി തൂത്തുവാരി അമിത് ഷായും ബിജെപി നേതാക്കളും



ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെ പി നേതാക്കള്‍ ദില്ലിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു.  ശുചീകരണം കഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തു.  മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആവിഷ്കരിച്ച സേവാസപ്താഹം പദ്ധതിയുടെ ഭാഗമായി ആയിരുന്നു ശുചീകരണം. ഈ മാസം 17നാണ് മോദിയുടെ ജന്മദിനം. 


"നമ്മുടെ പ്രധാനമന്ത്രി തന്‍റെ ജീവിതം തന്നെ രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ച വ്യക്തിയാണ്. അദ്ദേഹം ദരിദ്രര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ജന്മദിനം ഞങ്ങള്‍ സേവാസപ്താഹമായി ആഘോഷിക്കുന്നത്." അമിത് ഷാ പറഞ്ഞു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയും അമിത് ഷായ്ക്കൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നേതാക്കള്‍ ആശുപത്രിയുടെ നിലം തൂത്തുവാരുന്ന ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K