12 September, 2019 07:09:16 PM


ജനകീയ അടിത്തറ ഇല്ലാത്ത, സോഷ്യല്‍ മീഡിയയില്‍ മാത്രം സജീവമായ നേതാക്കള്‍ ബാധ്യതയെന്ന് സോണിയ ഗാന്ധി




ദില്ലി: ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം സജീവമായിരുന്നാല്‍ പോര. തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കള്‍ക്ക് സാധിക്കണമെന്നും സോണിയ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.


പാര്‍ട്ടി ഏറെ മെച്ചപ്പെടാനുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് ഇപ്പോള്‍ പ്രധാനമാണ്. പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന അജണ്ടകള്‍ കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സാമ്പത്തിക സ്ഥിതി വളരെ മോശമായ അവസ്ഥയിലാണ്. നഷ്ടം പെരുകുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യവും അപടകത്തിലാണ്. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.


മഹാത്മാഗാന്ധി, പട്ടേല്‍, അംബേദ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഒരു അജണ്ടയുടെ ഭാഗമായാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. ആര്‍.എസ്.എസ് മാതൃകയില്‍ പ്രേരക്മാരെ നിയമിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന ഓരോ ഡിവിഷനിലും മൂന്ന് പേരക്മാരെ വീതം നിയമിക്കും. ദളിത്, പിന്നോക്ക, സ്ത്രീ പ്രാധിനിധ്യവും ഉറപ്പാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K