11 September, 2019 10:36:11 AM
ചന്ദ്രബാബു നായിഡുവും മകൻ നരാ ലോകേഷും ഉള്‍പ്പെടെ ടിഡിപിയുടെ നേതാക്കളെല്ലാം വീട്ടുതടങ്കലിൽ
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകൻ നരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ഗുണ്ടൂരിൽ ഇന്ന് റാലി നടത്താനിരിക്കെയായിരുന്നു പൊലീസ് നടപടി. വീട്ടുതടങ്കല്‍ 24 മണിക്കൂര്‍ കൂടി തുടരും. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ബുധനാഴ്ച രാവിലെ ആസൂത്രണം ചെയ്തിരുന്ന റാലിക്ക് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്നും ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.