03 September, 2019 10:04:53 PM
കള്ളപ്പണകേസില്‍ കർണാടക മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ അറസ്റ്റിൽ
ദില്ലി: കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാർ അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായി നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും ഇഡി അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
മുൻധനമന്ത്രി പി ചിദംബരത്തിന് പിന്നാലെയാണ് ശിവകുമാറും അഴിമതിക്കേസിൽ അറസ്റ്റിലാവുന്നത്. തുടർച്ചയായി നേതാക്കൾ അറസ്റ്റിലാവുന്നതിൽ കോൺഗ്രസ് പ്രതിരോധത്തിലുമാണ്. കർണാടകത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലാവുന്നത്.
നേരത്തേ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് എൻഫോഴ്‍സ്മെന്‍റ് വീണ്ടും ശിവകുമാറിന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. ഇതേത്തുടർന്ന് ദില്ലിയിലെത്തിയ ശിവകുമാർ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചിരുന്നു. ഗണേശചതുർത്ഥിയായിരുന്ന ഇന്നലെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ശിവകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനാകുകയും ചെയ്തു.
2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.