01 September, 2019 12:15:49 PM
മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍; 5 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍
ദില്ലി: മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി. ഈ മാസം നാലിന് നിലവിലെ ഗവര്‍ണര്‍ പി.സദാശിവം സ്ഥാനം ഒഴിയുന്നതിനാലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഭഗത്‌സിംഗ് കോഷ്യാരിയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഹിമാചലിലും നിലവിലെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായ കല്‍രാജ് മിശ്ര രാജസ്ഥാനിലും ഗവര്‍ണര്‍മാരാവും.
ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് കോണ്‍ഗ്രസ്, ജനതാദള്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായിരുന്ന ആരിഫ് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജനതാദളില്‍ ചേര്‍ന്നു. ശേഷം 2004ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. 2007ല്‍ ബി.ജെ.പി വിടുകയും ചെയ്തു.
വ്യോമയാനം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം മുസ്ലിം സമുദായത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എഴുത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള ആരിഫ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ടെക്സ്റ്റ് ആന്‍ഡ് കോണ്‍ടക്സ്റ്റ്, ഖുറാന്‍ ആന്‍ഡ് കണ്ടപററി ചലഞ്ചസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ രചനകള്‍.