31 August, 2019 04:39:31 PM
ധുലെയില്‍ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം ഇരുത്തിരണ്ടായി; രക്ഷാപ്രവർത്തനം തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേർക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾക്കൊപ്പം ദുരന്തനിവാരണ സേനയുടെ യൂണിറ്റിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഷിർപൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയിൽ രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതൽ പേർ ജോലിക്കുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തൊഴിലാളികളുടെ കുടുംബങ്ങൾ ഫാക്ടറിക്ക് ചുറ്റുമുള്ള വീടുകളിലാണ് താമസിക്കുന്നത്. ഇവരിൽ കുട്ടികൾക്ക് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്.
ഫാക്ടറിക്ക് അടുത്ത് ആശുപത്രിയില്ലാത്തത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാൽ സമീപത്തെ ആറു ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. മഹാരാഷ്ട്ര ഇൻഡസ്ട്രിയിൽ ഡെവലപ്പ്മെൻറ് കോർപ്പറേഷന്റെ ഫാക്ടറിയിൽ കീടനാശിനി ഉൽപ്പാദനമാണ് നടന്നിരുന്നത്.