30 August, 2019 12:15:56 PM
ആഡംബരങ്ങളില്ല; ലഫ്റ്റനന്‍റ് ജനറല്‍ ചുമതലയേക്കാന്‍ പോകുന്നത് 270 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്
ദില്ലി: കരസേനയുടെ സൗത്ത് വെസ്‌റ്റേണ്‍ കമാന്‍ഡ് ആയി നിയമനം ലഭിച്ച ലഫ്റ്റനന്‍റ് ജനറല്‍ അലോക് കേര്‍ ചുമതലയേല്‍ക്കാന്‍ പോകുന്നത് തികച്ചും വ്യത്യസ്തനായി. കീഴ്‌വഴക്കമനുസരിച്ച് സൈനിക വിമാനത്തിലോ വാഹനങ്ങളുടെ അകമ്പടിയോടെയോ അലോക് കേറിന് പുതിയ ആസ്ഥാനത്ത് എത്താവുന്നതാണ്. എന്നാല്‍ എല്ലാ ആഡംബരങ്ങളും ഒഴിവാക്കി തികച്ചും സാധാരണക്കാരനായി സൈക്കിളില്‍ സഞ്ചരിച്ചാണ് അദ്ദേഹം ഓഫീസില്‍ എത്തുക.
ന്യൂഡല്‍ഹിയിലെ മിലിട്ടറി ട്രെയിനിംഗ് ഡയറക്ടറേറ്റില്‍ നിന്നും ജയ്പൂരിലെ സേനയുടെ സൗത്ത് വെസ്‌റ്റേണ്‍ കമാന്‍ഡിന്‍റെ ചുമതലയാണ് 58കാരനായ അലോക് കേറിനെ നിയമിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്കുള്ള 270 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പോകും. ശനിയാഴ്ച രാത്രി പുറപ്പെട്ട് 14 മണിക്കൂര്‍ കൊണ്ട് ആസ്ഥാനത്ത് എത്താമെന്നാണ് കണക്കുകൂട്ടല്‍. യാത്രയില്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായിരിക്കും സൈക്കിളില്‍ നിന്ന് ഇറങ്ങുക. അലോക് കേറിനു കൂട്ടായി രണ്ട് ആണ്‍മക്കളും സൈക്കിള്‍ യാത്രയില്‍ പങ്കുചേരും.
'സൈക്കിളിംഗ് മികച്ച കായിക പരിശീലനമാണ്. അത് താന്‍ ഇഷ്ടപ്പെടുന്നു. തന്‍റെ കമാന്‍ഡില്‍ ഉള്ള സഹപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും ഫിറ്റ്‌നസ്സിലുള്ള സന്ദേശമാണ് ഇതുകൊണ്ട് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഫിറ്റ്‌നസ് വ്യക്തിപരമായ ദൗത്യമായിരിക്കണം. അത് സേന അടിച്ചേല്‍പ്പിക്കുന്നതായിരിക്കരുത്. സമയവും ആരോഗ്യവും അനുവദിച്ചാല്‍ ഇത് തുടരും'- അലോക് കേര്‍ പറയുന്നു. മുന്‍പ് സൈന്യത്തില്‍ സ്‌ക്വാഷ്, ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യനായിരുന്നു അലോക് കേര്‍.
ഇതാദ്യമായല്ല അലോക് കേര്‍ ദീര്‍ഘദൂര സൈക്കിള്‍ സവാരി നടത്തുന്നത്. തന്‍റെ കീഴിലുള്ള സൈനികരെ കാണാന്‍ മുന്‍പ് 300 കിലോമീറ്റര്‍ വരെ അദ്ദേഹം സൈക്കിളില്‍ യാത്ര ചെയ്ത് പോയിട്ടുണ്ടത്രേ. സൈനികന്‍റെ മകനായ അലോക് കേര്‍ 1982ലാണ് 68 ആര്‍മര്‍ഡ് റെജിമെന്‍റില്‍ ചേരുന്നത്. സ്‌കൈ ഡൈവിംഗ്, മൗണ്ടെയ്‌നറിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നയാളാണ് അലോക് കേര്‍