19 August, 2019 10:08:41 PM
ഡോ. മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്; എതിരില്ലാതെ വിജയം രാജസ്ഥാനിൽ നിന്ന്

ദില്ലി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് മന്‍മോഹന്‍ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. മന്‍മോഹന്‍ സിംഗിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടന്ന് ബി.ജെ.പി തീരുമാനിച്ചിരുന്നു. ഇതോടെ മന്‍മോഹന്‍ സിംഗ് വിജയം ഉറപ്പിച്ചിരുന്നു.
1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മന്‍മോഹന്‍ സിംഗ്. ഈ വര്‍ഷം ജൂലൈ ആദ്യത്തോടെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി അവസാനിച്ചു. വീണ്ടും അസമില്‍ നിന്ന് അദ്ദേഹത്തെ ജയിപ്പിക്കാനുള്ള അംഗബലവും കോണ്‍ഗ്രസിന് ഇല്ലാതായി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി അധികാരം തിരിച്ചുപിടിച്ച രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍ സിംഗിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
ബി.ജെ.പി രാജസ്ഥാന്‍ അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2014 ഏപ്രില്‍ 3 വരെയായിരിക്കും അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി.