19 August, 2019 04:17:23 PM
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വര്‍ണ ഇഷ്ടിക സംഭാവന ചെയ്ത് മുസ്ലീം യുവാവ്
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ക്ഷേത്രസമിതിക്ക് സ്വര്‍ണ ഇഷ്ടിക സംഭാവന ചെയ്ത് മുസ്ലീം യുവാവ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹാദൂര്‍ ഷാ സഫറിന്റെ പിന്തുടര്‍ച്ചവകാശി എന്നവകാശപ്പെടുന്ന ഹബീബുദ്ദീന്‍ ട്യുസി രാജകുമാരനാണ് സ്വര്‍ണ ഇഷ്ടിക നല്‍കിയത്. തര്‍ക്ക ഭൂമിയുടെ യഥാര്‍ത്ഥ അവകാശി താനാണെന്നും അതിനാല്‍ ഭൂമി തനിക്ക് കൈമാറണമെന്ന ആവശ്യവും 50കാരനായ ഹബീബുദ്ദീന്‍ ട്യുസി മുന്നോട്ടുവച്ചിട്ടുണ്ട്.
1529ല്‍ ബാബ്‌റി മസ്ജിദ് നിര്‍മ്മിച്ച ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പിന്തുടര്‍ച്ചക്കാരനാണ് താന്‍. അതുകൊണ്ട് ബാബ്‌റി മസ്ജിദ്- രാമ ജന്മഭൂമിയുടെ യഥാര്‍ത്ഥ അവകാശ താനാണെന്നും ഹബീബുദ്ദീന്‍ ട്യുസി പറയുന്നു. തര്‍ക്കഭൂമി സുപ്രീം കോടതി തനിക്കു നല്‍കിയാല്‍ മുഴുവന്‍ ഭൂമിയും താന്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഭാവന ചെയ്യും. കാരണം അവരുടെ വികാരം താന്‍ മനസ്സിലാക്കുന്നു. ബാബ്‌റി മസ്ജിദ് സ്ഥാപിച്ച സ്ഥലത്ത് രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന വിശ്വാസവുമുണ്ടെന്നും അദ്ദേഹം പറയുന്നു.
തര്‍ക്ക കേസില്‍ തന്നെയും കക്ഷിചേര്‍ക്കണമെന്ന് കാണിച്ച് ഹബീബുദ്ദീന്‍ ട്യുസി കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ ഇതുവരെ വാദം കേള്‍ക്കാന്‍ പരിഗണിച്ചിട്ടില്ല. കേസിലെ മറ്റു കക്ഷികള്‍ക്കൊന്നും ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെന്നും എന്നാല്‍ യഥാര്‍ത്ഥ മുഗല്‍ പാരമ്പര്യമുള്ള തനിക്ക് അവകാശമുണ്ടെന്നുമാണ് ഹബീബുദ്ദീന്‍ ട്യുസി പറയുന്നത്. ഭൂമി തനിക്ക് നല്‍കിയാല്‍ അത് മുഴുവന്‍ ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുനല്‍കും.
ഇതിനകം മൂന്നു തവണ തര്‍ക്കഭൂമിയില്‍ സന്ദര്‍ശനം നടത്തിയ ഹബീബുദ്ദീന്‍ ട്യുസി അവിടെ പ്രാര്‍ത്ഥനയും നടത്തിയിട്ടുണ്ട്. ഭൂമി ക്ഷേത്രത്തിന് വിട്ടുനല്‍കുമെന്ന പ്രതിജ്ഞയും കഴിഞ്ഞ സന്ദര്‍ശനത്തില്‍ നടത്തിയിരുന്നു. പഴയ രാമക്ഷേത്രം പൊളിച്ചതില്‍ ഹിന്ദു സമൂഹത്തോട് മാപ്പുപറയുന്നുവെന്ന് അറിയിച്ച ഹബീബുദ്ദീന്‍ ട്യൂസി പ്രതീകാത്മകമായി മാപ്പുപ്രകടിപ്പിച്ചിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് കര്‍സേവകര്‍ പൊളിച്ചത്.