15 August, 2019 04:38:43 PM
'സഹോദരിമാര്‍ക്കൊരു സമ്മാനം'; ദില്ലിയിൽ ഒക്‌ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യം
ദില്ലി: ഡല്‍ഹിയില്‍ സ്ത്രീകര്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രക്ഷാബന്ധന്‍ ആഘോഷിക്കുന്ന ഒക്‌ടോബര്‍ 29 മുതലാണ് സഹോദരിമാര്‍ക്ക് കെജ്‌രിവാള്‍ സമ്മാനമൊരുക്കുന്നത്. ഡല്‍ഹിയിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ഡിടിസി), ക്ലസ്റ്റര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി സഞ്ചരിക്കാം. ഡല്‍ഹി സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് ഛത്രാസല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആഘോഷത്തിനിടെ നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന് കെജ്‌രിവാള്‍ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സുരക്ഷ മുന്നില്‍ കണ്ടാണ് ഈ നടപടി. ഡല്‍ഹിയില്‍ എല്ലായിടത്തും സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും സ്ത്രീകര്‍ക്ക് പൊതു ഗതാഗത സംവിധാനത്തില്‍ സൗജന്യ യാത്ര ഒരുക്കുകയുമാണ് സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പദ്ധതി നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. സബ്‌സിഡി ഇനത്തിലായിരിക്കും ചെലവ് കണ്ടെത്തുക. ടിക്കറ്റിന് പണം നല്‍കാന്‍ സ്ത്രീകളോട് ആവശ്യപ്പെടില്ല. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് പണം നല്‍കി ടിക്കറ്റ് വാങ്ങാം. അവര്‍ക്ക് സബ്‌സിഡിയും ലഭിക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം