14 August, 2019 12:18:59 PM
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി ; മിന്‍റി അഗര്‍വാളിന് യുദ്ധസേവാ മെഡല്‍
ദില്ലി : പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് വിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. ബലാകോട്ട് ആക്രമണത്തില്‍ യുദ്ധവിമാനങ്ങളെ നിയന്ത്രിച്ചിരുന്ന വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡല്‍ പുരസ്‌ക്കാരവും സമ്മാനിക്കും. സ്വാതന്ത്ര്യദിനത്തില്‍ ഇരുവര്‍ക്കും ബഹുമതി സമ്മാനിക്കും. യുദ്ധരംഗത്തെ മികവിന് സൈന്യം നല്‍കുന്ന മൂന്നാമത്തെ വലിയ ബഹുമതിയാണ് വീര്‍ചക്ര.
ഫെബ്രുവരി 27 ലെ ബലാകോട്ട് ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷ സാധ്യത നിലനില്‍ക്കേ, അതിര്‍ത്തി കടന്ന പാക് പോര്‍ വിമാനം അഭിനന്ദന്‍ വര്‍ദ്ധമാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിന് ശേഷം അഭിനന്ദന്‍ പറത്തിയ മിഗ് 21 ബൈസണ്‍ വിമാനം തകരുകയും പാരച്യൂട്ടില്‍ ദിശതെറ്റി പാകിസ്ഥാനില്‍ ഇറങ്ങുകയുമായിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ അഭിനന്ദനെ തടവുകാരനായി പിടികൂടിയെങ്കിലും മൂന്ന് ദിവസത്തിനകം തിരിച്ചയച്ചിരുന്നു. ഇന്ത്യന്‍ യുദ്ധരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ അഭിനന്ദന്‍ തയ്യാറായിരുന്നില്ല.
ഇന്ത്യ നടത്തിയ നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന് അഭിനന്ദന്‍ വര്‍ത്തമാനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു. വൈദ്യ പരിശോധനകള്‍ അടക്കമുള്ള സൈനിക നടപടികള്‍ പൂര്‍ത്തിയായ അഭിനന്ദന്‍ വ്യോമസേനയില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനിക വാഹനം തകര്‍ത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനിലെ ബലാകോട്ടേയിലെ ലഷ്‌ക്കര്‍ കേന്ദ്രത്തില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ യുദ്ധവിമാനങ്ങളെ നിയന്ത്രിച്ചിരുന്നത് മിന്റിയാണ്.