07 August, 2019 04:46:23 PM


സുഷമ സ്വരാജിന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി; പ്രണാമം അര്‍പ്പിച്ച് ആയിരങ്ങള്‍



ദില്ലി: ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്‍റെ മൃതദേഹം സംസ്കരിച്ചു. ദില്ലിയിലെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം ശ്മശാനത്തിലെത്തിയിരുന്നു.


ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം. 67 വയസ്സായിരുന്നു. ​ ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. മുതിർന്ന ബിജെപി നേതാവ്, ലോക്സഭയിലെ മുൻപ്രതിപക്ഷ നേതാവ്, ദില്ലി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി എന്നിങ്ങനെ സേവനമനുഷ്ഠിച്ചു. നാല് ബിജെപി സർക്കാരുകളിൽ മന്ത്രിയായിരുന്നു. 1996,1998,1999 വാജ്പേയ്, 2014 നരേന്ദ്ര മോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്‍ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു.


പതിനഞ്ചാം ലോക്സഭയിൽ സുഷമ സ്വരാജ് പ്രതിപക്ഷനേതാവായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K