04 August, 2019 09:47:53 AM
കനത്ത സുരക്ഷയെന്ന് അവകാശവാദം; മെഡി. കോളേജ് ആശുപത്രിയ്ക്കുള്ളില്‍ തെരുവുനായ്ക്കളുടെ സ്വൈര്യവിഹാരം
കോട്ടയം: കനത്ത സുരക്ഷയെന്ന് അവകാശവാദം ഉയർത്തി രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രിക്കുള്ളിലേക്ക് കടത്തിവിടുന്നതില്‍ കര്‍ശന നിലപാടെടുക്കുന്ന സെക്യൂരിറ്റി ജീവനക്കാരുടെയും അധികൃതരുടെയും കണ്ണുകള്‍ പക്ഷെ രോഗികൾക്കിടയിൽ വിലസുന്ന തെരുവുനായ്ക്കളുടെ മേൽ പതിയാത്തതത് ഏവരെയും ആശ്ചര്യപ്പെടുത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.
കാന്‍സര്‍ വാര്‍ഡിനു സമീപം കുറ്റിക്കാട്ടില്‍ ലോട്ടറി ജീവനക്കാരിയെ കൊന്ന് തള്ളിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ആശുപത്രിയിലെ സെക്യൂരിറ്റി സംവിധാനത്തിലെ പാളിച്ച മറനീക്കി പുറത്തുകൊണ്ടുവരികയായിരുന്നു. അതിനു പിന്നാലെയാണ് ആശുപത്രിക്കുള്ളില്‍ രോഗികള്‍ക്കിടയിലൂടെ അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കളുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്. അത്യാഹിതവിഭാഗം പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തില്‍ ഇപ്പോള്‍ ഔട്ട് പേഷ്യന്‍റ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ സ്ട്രക്ചറില്‍ രോഗിയേയും കൊണ്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം നീങ്ങിയത് മുന്നിലും പിന്നിലും നായ്ക്കളുടെ അകമ്പടിയോടെ. നായ്ക്കളുടെ കടിയേറ്റ് തങ്ങളും ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവരുമോ എന്നായിരുന്നു രോഗിയുടെ കൂടെ എത്തിയവരുടെ പേടി. നായ്ക്കള്‍ സ്വൈര്യവിഹാരം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോ ആശുപത്രി ജീവനക്കാരോ അവയെ ഓടിച്ചു വിടാന്‍ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നു. ഭാവിയില്‍ ഇവ വാര്‍ഡുകളിലേക്കും എത്തികൂടെന്നില്ലെന്നാണ് രോഗികള്‍ ഭയപ്പെടുന്നത്.