31 July, 2019 04:32:59 PM
പാര്‍ലമെന്‍റിലെ ഇരിപ്പിടത്തില്‍ മാറ്റം; സ്മൃതി ഇറാനിയും രവിശങ്കര്‍ പ്രസാദും മുന്‍നിരയിലേക്ക്
ദില്ലി: പാര്‍ലമെന്‍റില്‍ എംപിമാരുടെ ഇരിപ്പിടത്തിന്‍റെ ക്രമീകരണത്തില്‍ മാറ്റം വരുത്തുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരുടെ സീറ്റ് മുന്‍നിരയിലാക്കിയതായി സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. അടുത്ത സമ്മേളനം മുതല്‍ പുതിയ രീതി നടപ്പിലാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, എച്ച് ഡി സദാനന്ദഗൗഡ എന്നിവരാണ് ഇപ്പോള്‍ മുന്‍ നിരയില്‍ ഇരിക്കുന്നത്.
ബിജെപിയിലെ മാറുന്ന സമവാക്യങ്ങള്‍ സൂചിപ്പിക്കുന്നതാണ് മുന്‍നിരയിലെ മാറ്റം. ഒന്നാം മോദി സര്‍ക്കാറില്‍ പ്രമുഖരായ എല്‍.കെ.അദ്വാനി, സുഷമാ സ്വരാജ് തുടങ്ങിയ നേതാക്കളായിരുന്നു മുന്‍നിരയില്‍ ഇരുന്നത്. ഇക്കുറി ഇവരില്‍ പലരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതിനാല്‍ ലോക്സഭയില്‍ ഇല്ല.