31 July, 2019 08:21:25 AM
കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മൃതദേഹം നേത്രാവതി പുഴയിൽ കണ്ടെത്തി
മംഗളൂരു: കാണാതായ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു ബോളാർ ഹൊയ്ഗെ ബസാർ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മംഗളൂരു – കാസർകോട് ദേശീയപാതയിൽ നേത്രാവതിയിലെ പാലത്തിൽ സിദ്ധാർഥയെ കണാതായത്. ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ മരുമകനാണ്.
തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്നു സകലേഷ്പുര, മംഗളൂരു വഴി കേരളത്തിലെ തലപ്പാടി ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് സിദ്ധാർഥയെ കാണാതായത്. രാത്രി 7.45 ന് മംഗളൂരുവിൽനിന്ന് 7 കിലോമീറ്റർ പിന്നിട്ട് നേത്രാവതി പാലത്തിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ടുവെന്നു ഡ്രൈവർ പൊലീസിനു മൊഴി നൽകിയിരുന്നു.
ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടു കാറിൽനിന്നിറങ്ങിയ അദ്ദേഹം 800 മീറ്റർ നീളമുള്ള പാലത്തിലൂടെ രണ്ടുവട്ടം നടന്നുവെന്നു ഡ്രൈവർ പറയുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെയെത്താഞ്ഞപ്പോൾ ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി പരിശോധിച്ചു. കാണാതെ വന്നപ്പോൾ കുടുംബത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നേത്രാവതി പുഴയിൽ വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കഠിന പരിശ്രമം നടത്തിയിട്ടും ബിസിനസിൽ പരാജയപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിച്ച് അദ്ദേഹം എഴുതിയതെന്നു കരുതുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ഇതിലെ ഒപ്പിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. ആദായനികുതി വകുപ്പിലെ മുൻ ഡയറക്ടർ ജനറലിൽനിന്ന് തനിക്ക് മാനസിക പീഡനമേറ്റിരുന്നുവെന്ന് വ്യക്തമാക്കുന്ന കത്താണ് സിദ്ധാർഥ ജീവനക്കാർക്ക് ഏഴുതിയിരുന്നത്. 2017 സെപ്റ്റംബറിൽ സിദ്ധാർഥയുടെ മുംബൈ, ബെംഗളൂരു, ചെന്നൈ, ചിക്കമംഗളൂരു ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയിരുന്നു. 650 കോടി രൂപയുടെ കണക്കിൽപ്പെടാത്ത വരുമാനം കഫെ കോഫി ഡേയ്ക്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഇതിനുപിന്നാലെ വെളിപ്പെടുത്തിയത്.