30 July, 2019 07:04:11 PM
കോട്ടയം ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധം
കോട്ടയം: ജില്ലയില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ നിര്‍ബന്ധമാക്കും. മീറ്റര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ 2018 ഡിസംബര്‍ 11ലെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മീറ്റര്‍ നിര്‍ബന്ധമാക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനുശേഷം മീറ്റര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കും. കോട്ടയം മുനിസിപ്പാലിറ്റിയില്‍ സര്‍വീസ് നടത്തുന്നതിന് പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ മാത്രമേ നഗരപരിധിക്കുള്ളില്‍നിന്ന് യാത്രക്കാരെ കയറ്റാന്‍ പാടുള്ളൂ.
പുറത്തുനിന്നുള്ള ഓട്ടോറിക്ഷകള്‍ കോട്ടയം നഗരത്തിനുള്ളില്‍ അനധികൃത സര്‍വ്വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പോലീസിനെയും ഗതാഗത വകുപ്പിനെയും ചുമതലപ്പെടുത്തി. നിയമം ജില്ലയില്‍ സുഗമമായി നടപ്പാക്കുന്നതിന് ഓട്ടോറിക്ഷാ തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കളക്ട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പോലീസ് മേധാവി പി.എ. സാബു, അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, ആര്‍.ടി.ഒ വി.എം. ചാക്കോ എന്നിവരും പങ്കെടുത്തു. മുനിസിപ്പാലിറ്റി, റെയില്‍വേ, ട്രാഫിക്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.