26 July, 2019 06:07:21 PM


ബഗ്ഗി കാറുകള്‍ എത്തി; കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ ഇനി രോഗികള്‍ കഷ്ടപ്പെടേണ്ട




കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ സഞ്ചാരം സുഗമമാക്കാന്‍ രണ്ട് ബഗ്ഗി കാറുകള്‍ എത്തി. ഇവയില്‍ ഒന്നില്‍ സ്‌ട്രെച്ചറും യു വി സ്റ്റാന്‍ഡും ഉള്‍പ്പെടെ ആംബുലന്‍സ് സൗകര്യമുള്ളതും, രോഗികളുടെ സഹായികള്‍ക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുവാന്‍ കഴിയുന്നതുമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ നാലു സീറ്റുകളാണ് ഇതിലുള്ളത്. രണ്ടാമത്തെ ബഗ്ഗി കാറില്‍ ആറു സീറ്റുകളും ഉണ്ട്. ഇതില്‍ സ്‌ട്രെച്ചര്‍ സൗകര്യമില്ല.



എളമരം കരീം എംപിയുടെ വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ മുടക്കിയാണ് ഇത് ലഭ്യമാക്കിയത്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൂട്ട്‌സ് എന്ന കമ്പനിയാണ് വാഹനത്തിന്റെ വിതരണക്കാര്‍. ആറര മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ വരെ ഓടുന്നതാണ് ഈ വാഹനങ്ങള്‍. മൂന്നു മാസത്തിലൊരിക്കല്‍ കമ്പനിയുടെ പ്രതിനിധി എത്തി കാറിന്റെ പരിശോധനകള്‍ നടത്തും. ബഗ്ഗി കാര്‍ എത്തിയത് രോഗികള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.


മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ഹൃദ്രോഗ വിഭാഗത്തിലെത്തിക്കുവാനായിരിക്കും മുഖ്യമായും ഈ കാറുകള്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ രോഗികളെ സ്‌ട്രെച്ചറില്‍ കിടത്തി അത്യാഹിത വിഭാഗത്തില്‍ നിന്നും ലിഫ്റ്റ് വഴി ഹൃദ്രോഗ വിഭാഗത്തിലെത്തിക്കുന്ന രീതിയാണ് തുടര്‍ന്ന്‌ കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ സമയം വേണ്ടിവരുന്നതു കൂടാതെ രോഗികളുടെ നില മോശമാകുന്നതിനും കാരണമാകുന്നുണ്ട്.


ലിഫ്റ്റ് കേടാകുകയോ മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ രോഗിയൈ യഥാസമയം കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തിക്കുവാന്‍ കഴിയാതെ ആരോഗ്യനില വഷളാകുന്ന അവസര ങ്ങള്‍ ഉണ്ടാകുമായിരുന്നു. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ ബഗ്ഗി കാറുകള്‍ വരുന്നതോടു കൂടി ഇതിന് പരിഹാരമാകുകയാണ്. അത്യാഹിത വിഭാഗത്തില്‍ നിന്ന് റോഡുമാര്‍ഗ്ഗം രോഗികളെ നേരിട്ട് ഹൃദ് രോഗവിഭാഗത്തില്‍ എത്തിക്കുവാന്‍ ഇതോടെ വളരെ എളുപ്പമാകും.


ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വാര്‍ഡുകളില്‍ എത്തിക്കുവാന്‍ കൂടി കൂടുതല്‍ ബഗ്ഗി കാറുകള്‍ എത്തിയാല്‍  രോഗികള്‍ക്ക് അത്  ഏറെ സഹായകരമാകും. രോഗികള്‍ക്ക് വേണ്ടി ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ കൂടതല്‍ ബഗ്ഗി കാറുകള്‍ വാങ്ങുവാന്‍ മുന്നോട്ടുവരുമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതീക്ഷ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K