26 July, 2019 04:00:14 AM


മൂന്നുവട്ടം തലാഖ്‌ ചൊല്ലി വിവാഹബന്ധം വേര്‍പിരിക്കുന്നത്‌ ഇനി കുറ്റകരം; കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത




ദില്ലി: മൂന്നുവട്ടം തലാഖ്‌ ചൊല്ലി വിവാഹബന്ധം വേര്‍പിരിയുന്നത്‌ കുറ്റകരമാക്കിയ മുത്തലാഖ് ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. 303 പേര്‍ അനുകൂലിച്ചും 82 പേര്‍ എതിര്‍ത്തും വോട്ടുചെയ്‌തു. ഇടതുപക്ഷം എതിര്‍ത്ത് വോട്ട് ചെയ്തു. ബില്ലിനെ എതിര്‍ത്തെങ്കിലും വകുപ്പ് പരിഗണിച്ചുള്ള വോട്ടെടുപ്പിലേക്ക്‌ കടന്നപ്പോള്‍ കോണ്‍ഗ്രസ്‌, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ ഇറങ്ങിപ്പോയി. സിപിഎമ്മും മുസ്ലിംലീഗും എഐഎംഐഎമ്മും ബില്ലിലെ വ്യവസ്ഥകളോടക്കം വിയോജിച്ച്‌ അവസാനഘട്ടം വരെ എതിര്‍ത്ത്‌ വോട്ട്ചെയ്തു.

വാക്കിലൂടെയോ രേഖാമൂലമോ വാട്ട്‌സാപ്പ്‌ പോലുള്ള ഇലക്‌ട്രോണിക്ക്‌ മാധ്യമങ്ങളിലൂടെയോ മുത്തലാഖ്‌ ചൊല്ലുന്നത്‌ നിയമവിരുദ്ധമാക്കുന്നതാണ്‌ മുസ്ലീം സ്ത്രീകളുടെ വിവാഹസംരക്ഷണ ബില്‍. രാഹുല്‍ ഗാന്ധി വോട്ടെടുപ്പ്‌ ഘട്ടത്തില്‍ പോലും സഭയിലെത്തിയില്ല. ബില്ലിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിലെ ഭിന്നതയാണ്‌ രാഹുലിന്‍റെ അസാന്നിധ്യത്തിന്‌ വഴിവച്ചതെന്നാണ് ആരോപണം. ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്നത്‌ പ്രതിച്‌ഛായക്ക്‌ മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു കോണ്‍​ഗ്രസ് ലോക്‌സഭാ നേതാവ്‌ അധിര്‍രഞ്‌ജന്‍ ചൗധരി അടക്കമുള്ളവരുടെ നിലപാട്. ലീ​ഗടക്കം സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ ഭാഗിക എതിര്‍പ്പറിയിച്ച്‌ ഇറങ്ങിപ്പോകാമെന്ന ധാരണയില്‍ എത്തുകയായിരുന്നുവത്രേ.

ദില്ലിയില്‍ ഉണ്ടായിരുന്ന രാഹുലിനെ വോട്ടെടുപ്പ്‌ വേളയില്‍ സഭയില്‍ എത്തിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലത്രേ. ഇതില്‍ ലീഗ് നേതാക്കള്‍ പരിഭവമറിയിച്ചു. മുത്തലാഖ്‌ ചൊല്ലുന്നവര്‍ക്ക്‌ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിലെ നാലാം വകുപ്പിന്മേല്‍ നടന്ന  വോട്ടെടുപ്പിന്‌ പിന്നാലെ കോണ്‍ഗ്രസ്‌ ഇറങ്ങിപ്പോയി. എന്നാല്‍, തുടര്‍ന്നുള്ള ഓരോ ഘട്ടത്തിലെയും വോട്ടെടുപ്പില്‍ സിപിഐ എം അടക്കം എതിര്‍ത്ത് വോട്ട് ചെയ്തു. ആകെ എട്ടുപേര്‍ എതിര്‍ത്തപ്പോള്‍ 303 പേര്‍ അനുകൂലിച്ചു.


മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്ന്‌ വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. മുത്തലാഖ്‌ ചൊല്ലിയാല്‍ ഭാര്യയ്‌ക്കോ അല്ലെങ്കില്‍ ഭാര്യയുടെ രക്തബന്ധമുള്ള ഉറ്റബന്ധുവിനോ പരാതി നല്‍കാം. ഭാര്യയെ കേട്ടതിന്‌ ശേഷം മാത്രമേ മജിസ്‌ട്രേറ്റ്‌ ജാമ്യം അനുവദിക്കാവൂ എന്നും വ്യവസ്ഥയുണ്ട്‌. ഭാര്യയ്‌ക്ക്‌ ജീവനാംശവും നല്‍കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K