23 July, 2019 04:07:19 PM
പൊലീസ് മർദ്ദിച്ചെന്ന് പരാതിപ്പെട്ട ഓട്ടോ ഡ്രൈവർ കഞ്ചാവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിൽ
പാലാ: വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ മർദ്ദനത്തിനിരയായെന്ന് പരാതിപ്പെട്ട ഓട്ടോ ഡ്രൈവറെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. കോട്ടയം പാലാ സ്വദേശി അഖിൽ ബോസ് (32) ആണ് 40 ഗ്രാം കഞ്ചാവുമായി ഇന്ന് പാലാ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പാലാ- പൊൻകുന്നം റൂട്ടിൽ 12-ാം മൈലിൽ വായനശാലയ്ക്കടുത്ത് നിന്നാണ് അഖിൽ പിടിയിലായത്. ഓട്ടോയുടെ പിന്നിൽ അപ് ഹോൾസ്റ്ററിയ്ക്കകത്ത് രണ്ട് പൊതികളായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. മാക്കാൻ ബിജു എന്ന കഞ്ചാവ് മാഫിയാ തലവന്റെ വിതരണക്കാരനാണ് അഖിൽ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
അർബുദ രോഗിയാണെന്ന് പറയുന്ന അഖിൽ പോലീസിന്റെ മർദ്ദനമേറ്റതിന് ചികിത്സയിലായിരുന്നു. ചെവിക്കു സമീപത്തെ എല്ലിനു പൊട്ടലേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിൽസ തേടിയിരുന്നത്. ഒരാഴ്ച മുമ്പ് വാഹന പരിശോധനയ്ക്കിടെയാണ് കോട്ടയം പാലാ സ്വദേശിയായ അഖിൽ ബോസ് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. മദ്യപിച്ചു വാഹനമോടിച്ചു എന്ന കാരണം പറഞ്ഞാണ് ഓട്ടോ ഡ്രൈവറായ അഖിലിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. ഇവിടെ വെച്ചു പോലീസ് ക്രൂരമായി മർദിച്ചു എന്നായിരുന്നു അനൂപിന്റെ ബന്ധുക്കളുടെ ആരോപണം.
അഖിലിന്റെ മുഖത്ത് ചെവിക്കു സമീപത്തെ എല്ലിന് പൊട്ടലുണ്ടായിരുന്നു. മദ്യപിച്ചിട്ടില്ല എന്ന് പല തവണ പോലീസിനോട് പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. അസുഖ വിവരവും പോലീസിനോട് അനൂപ് പറഞ്ഞിരുന്നുവത്രേ. ഇതു വൈദ്യ പരിശോധനയ്ക്ക് വിധേയമാകാം എന്ന് അറിയിച്ചു എങ്കിലും പോലീസ് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തിയ പിന്നാലെയാണ് ഇയാൾ എക്സൈസ് പിടിയിലായത്.