21 July, 2019 09:13:17 PM
അവധി പ്രഖ്യാപനം: കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പരാതി പ്രളയവും ട്രോള്‍ മഴയും
എന്‍റെ പൊന്നു സാറെ, നീന്തി കോളേജില്‍ പോകാന്‍ ഞങ്ങള്‍ മീന്‍ ഒന്നുമല്ലേ...
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഭാഗികമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ത്ഥികളുടെ പരാതി പ്രളയം. കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ഞായറാഴ്ച വൈകിട്ടാണ് കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ തുടങ്ങി മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ പരാതികള്‍ കമന്റുകളായി എത്തിതുടങ്ങി.
ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം പേരാണ് പരാതികളുമായി രംഗത്തെത്തിയത്. 'എന്‍റെ പൊന്നു സാറെ ഈ ചങ്ങനാശേരിയില്‍ പഠിക്കുന്നവരിലധികവും ആലപ്പുഴക്കാരാണെന്നും ഈ മഴയത്ത് വെള്ളം പൊങ്ങിയ എസി റോഡിലൂടെ അവര്‍ക്ക് വരാന്‍ ബുദ്ധിമുട്ടാണെ'ന്നും ആയതിനാല്‍ ചങ്ങനാശേരിയിലും അവധി പ്രഖ്യാപിക്കണമെന്നായിരുന്നു ചങ്ങനാശേരിക്കാരില്‍ ഒരാളുടെ ആവശ്യം. 'മീനച്ചിലാര്‍ കര കവിയുന്ന ഈ സമയത്ത് ഞങ്ങള്‍ എങ്ങിനെ കോളേജില്‍ പോകുമെന്നും അതിനാല്‍ അവധി വേണ'മെന്നുമായിരുന്നു പാലാ, ഈരാറ്റുപേട്ടക്കാരുടെ ആവശ്യം.
'നീന്തി കോളേജില്‍ പോകാന്‍ ഞങ്ങള്‍ മീന്‍ ഒന്നുമല്ലെന്നും അത് മനസിലാക്കി കോട്ടയം ജില്ല മുഴുവന്‍ അവധി പ്രഖ്യാപിക്കണ'മെന്നുമായിരുന്നു ആതിര ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടത്. 'മഴ എല്ലാര്‍ക്കും ഒരു പോലാ, കോളേജ് സ്‌കൂള്‍ എന്ന വ്യത്യാസമില്ല' എന്നായിരുന്നു ജീവന്‍ വി തമ്പാന്‍ അഭിപ്രായപ്പെട്ടത്. 'കണ്ണൂര്‍ ജില്ല മുഴുവന്‍ അവധി പ്രഖ്യാപിച്ചപ്പോള്‍ കോട്ടയത്ത് പഞ്ചായത്ത് തിരിച്ചത്' എന്തെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'സര്‍ കറന്‍റ് പോലും ഇല്ല, ഹോം വര്‍ക്ക് ചെയ്ത് നാളെ ചെന്നില്ലെങ്കില്‍ വഴക്ക് പറയും തല്ലും അതുകൊണ്ട് കനിയണം' ഇതായിരുന്നു അഭിജിത് എന്നയാളുടെ ആവശ്യം.
'സാര്‍ അവധി തന്നില്ലെങ്കില്‍ ഏതൊരു ദിവസത്തെ പോലെയും നാളെയും കടന്നു പോകും! എന്നാല്‍ നാളെ ഒരു അവധി തന്നാല്‍ ഇമ്പോസിഷന്‍, പ്രോജെക്ടസ് എല്ലാം വെക്കാത്ത എന്നെ പോലത്തെ കുട്ടികള്‍ക്ക് തോട്ടില്‍ ചാടാന്‍ ഒരു അവസരം കിട്ടും, ചാടാത്ത പിള്ളേര്‍ക്ക് പ്രചോദനം ആകും, അത് നാളെയുടെ തലമുറയെ വാര്‍ത്തു എടുക്കും, അതിലൂടെ ഇന്ത്യ മെച്ചപ്പെടും!' ഇതായിരുന്നു ആദിത്യന്‍റെ അഭിപ്രായം. ഇങ്ങനെ രസകരമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമായി ഫേസ്ബുക്ക് പേജ് നിറയവെ അവധിപ്രഖ്യാപനം ട്രോളാക്കിയവരുമുണ്ട്. ചിലര്‍ അവധി പ്രഖ്യാപിക്കാനായി തങ്ങളുടെ അഭിപ്രായത്തില്‍ ലൈക്ക് ചെയ്യാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു.