21 July, 2019 05:14:54 PM


കനത്ത മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗികമായി അവധി




കോട്ടയം: ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം തിരുവാര്‍പ്പ് കുമരകം ഗ്രാമ പഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയിലും വെള്ളപൊക്കത്തിലും ഒട്ടേറെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്.


പല പ്രദേശങ്ങളിലും വൈദ്യുതിവിതരണം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ഗാന്ധിനഗര്‍ സെക്ഷന്‍റെ കീഴില്‍ വരുന്ന പാറമ്പുഴ മുള്ളൻകുഴി ട്രാൻസ്ഫോർമറിൽ നിന്നും രണ്ട് ദിവസമായി വൈദ്യുതിവിതരണം പൂര്‍ണ്ണമായി നിലച്ചിട്ട്. അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇല്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. പലയിടത്തും ഗതാഗതവും താറുമാറായി. 



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന്‍റെ തെക്കേ നടയില്‍ മേല്‍ശാന്തിമഠത്തിന് സമീപം തെങ്ങ് വീണ് വൈദുതി പോസ്റ്റുകള്‍ മറിഞ്ഞ് വൈദ്യുതി വിതരണം തടസപ്പെട്ടു. ഒരു  പോസ്റ്റ് ഒടിഞ്ഞ് വീണത് വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക്. തകര്‍ന്ന കാറിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.



മീനച്ചിലാര്‍ കരകവിഞ്ഞതോടെ തീരപ്രദേശത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഗ്രാമീണ ടൂറിസം കേന്ദ്രമായ തിരുവഞ്ചൂര്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറിയത് ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതത്തേയും പ്രതികൂലമായി ബാധിച്ചു. മഴ കനത്തതോടെ അതിരമ്പുഴ പെണ്ടനാത്ത് മേരികുട്ടിയുടെ കുടുംബം ആശങ്കയിലായി. തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ തിട്ട് നിരന്തരമായി ഇടിഞ്ഞു മേരികുട്ടിയുടെ വീട്ടിലേയ്ക്ക് വീഴുന്നതാണ് ആശങ്കയ്ക്ക് കാരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K