19 July, 2019 08:43:23 PM
സ്കൂളിലേക്ക് വരാതെ രക്ഷകര്‍ത്താക്കള്‍; വീട്ടിലേക്ക് ചെന്ന് അധ്യാപകര്‍ - സംഭവം ഏറ്റുമാനൂര്‍ സ്കൂളില്‍
ഏറ്റുമാനൂര്‍: പലവട്ടം വിളിച്ചിട്ടും രക്ഷകര്‍ത്താക്കള്‍ സ്കൂളിലേക്ക് വരാതായപ്പോള്‍ അധ്യാപകര്‍ അവരെ തേടി വീട്ടിലെത്തി. ഏറ്റുമാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചത്. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ നേര്‍വഴിയ്ക്ക് നയിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്കരിച്ച ശേഷം കൂടിയാലോചനയ്ക്ക് പലവട്ടം വിളിച്ചിട്ടും വരാതായപ്പോഴാണ് രക്ഷകര്‍ത്താക്കളെ കാണാന്‍ അധ്യാപകര്‍ ഓരോ വിദ്യാര്‍ത്ഥിയുടേയും വീടുകള്‍ കയറിയിറങ്ങിയത്.
പഠനത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സ്കൂള്‍ വികസനരേഖയില്‍ ഉള്‍കൊള്ളിച്ചിരുന്നു. പക്ഷെ സ്കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നതല്ലാതെ രക്ഷിതാക്കളുടെ ഒരു സഹകരണവും ലഭിക്കുന്നില്ലായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന പല കുട്ടികള്‍ക്കും മലയാളം അക്ഷരം കൂട്ടിവായ്ക്കാന്‍ പോലും അറിയാത്ത സ്ഥിതിയാണെന്ന് അധ്യാപകര്‍ വളരെ വ്യസനത്തോടെയാണ് പറയുന്നത്. വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗമാകട്ടെ ലഹരിയ്ക്കടിമകള്‍. ഇതിനൊക്കെ മാറ്റം ആഗ്രഹിച്ച അധ്യാപകര്‍ ആദ്യം ചെയ്തത് സ്കൂള്‍ വികസനത്തിന് ആവശ്യമായ ഒരു മാര്‍ഗരേഖ ഉണ്ടാക്കുകയായിരുന്നു.
അതിനായി സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെ ആദ്യം വിളിച്ചുകൂട്ടി അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം 19 ഇന നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളിച്ച് മാര്‍ഗരേഖ തയ്യാറാക്കി. തുടര്‍ന്നാണ് ഓരോ വീട്ടിലും കയറിയിറങ്ങി കുട്ടികളുടെ ഭൌതികസാഹചര്യങ്ങള്‍ വിലയിരുത്തിയത്. വീടുകളിലെത്തി രക്ഷിതാക്കളുമായി ഏറെ നേരം സംസാരിച്ചശേഷം വിദ്യാര്‍ത്ഥികളില്‍ അല്‍പസ്വല്‍പം മാറ്റം കണ്ടുവരുന്നതായി അധ്യാപകര്‍ വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ സ്ഥായിയായ ഒരു മാറ്റം അനിവാര്യമാകണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കല്ല, പകരം കൌണ്‍സിലിംഗ് ഉള്‍പ്പെടെ ബോധവല്‍ക്കരണക്ലാസുകള്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടി. കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ പ്രധാന വിപണനകേന്ദ്രം ഏറ്റുമാനൂര്‍ ഗവ. സ്കൂളാണെന്നും അവര്‍ വെളിപ്പെടുത്തി.
ഹൈസ്കൂള്‍ സെക്ഷനില്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലായി 43 കുട്ടികളാണ് ആകെയുള്ളത്. 16 കുട്ടികളാണ് പത്താം തരത്തില്‍. ഹെഡ്മിസ്ട്സ് ഉള്‍പ്പെടെ 10 അധ്യാപകരുമുണ്ട്. അതേസമയം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ 200 സീറ്റുകള്‍ ഉണ്ടെങ്കിലും 150ലധികം കുട്ടികളാണുള്ളത്. 2020ലെ എസ്.എസ്.എല്‍.സി റിസള്‍ട്ട് 100 ശതമാനം ആക്കുന്നതിന് പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും ഏറ്റെടുത്ത് പ്രത്യേക ശ്രദ്ധ നല്‍കുവാന്‍ തീരുമാനിച്ചു. ഡിസംബറോടുകൂടി സിലബസ് തീര്‍ത്തശേഷം പരീക്ഷയ്ക്ക് കുട്ടികളെ മാനസികമായി തയ്യാറെടുപ്പിക്കും. ഏറ്റുമാനൂര്‍ ബിആര്‍സിയിലെ ബിപിഓയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടപ്പിലാക്കുന്നത്.
പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ശാന്തമായ വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. പഠനകൂട്ടങ്ങള്‍, ജൈവവൈവിധ്യ ഉദ്യാനം, സ്ഥിരം കായിക പരിശീലന സംവിധാനങ്ങള്‍, ആധുനിക ലൈബ്രറി, മുഴുന്‍ കുട്ടികള്‍ക്കും ഒരേ സമയം ഉപയോഗിക്കാവുന്ന ലാബ്, എസ്പിസി, എന്‍സിസി, എന്‍എസ്എസ്, റെഡ് ക്രോസ് ഇവയെല്ലാം ഇതിന്‍റെ ഭാഗമാകും. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ശ്രദ്ധ എന്നി പേരുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.