17 July, 2019 06:19:23 PM
ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡിലെ അനധികൃത കയ്യേറ്റങ്ങള്‍ വന്‍ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചു
നീക്കം ചെയ്തവയില്‍ ഒട്ടേറെ ഫ്‌ളക്‌സ് ബോര്‍ഡുകളും 46 പെട്ടികടകളും
കോട്ടയം: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡിലെ അനധികൃതകയ്യേറ്റങ്ങള്‍ വന്‍ പോലീസ് സന്നാഹത്തോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. തിരുവഞ്ചൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്താണ് ഒഴിപ്പിക്കല്‍ നടന്നത്. 46 പെട്ടികടകള്‍ ഉള്‍പ്പെടെ വഴിയിലേക്ക് ഇറക്കി കെട്ടിയിരുന്ന കച്ചവടസ്ഥാപനങ്ങള്‍ എല്ലാം നീക്കം ചെയ്തു. ഫ്‌ളക്‌സ് നിരോധനം കര്‍ശനമാക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി താക്കീത് ചെയ്ത ബുധനാഴ്ച നടന്ന കയ്യേറ്റം ഒഴിപ്പിക്കലില്‍ റോഡിനിരുവശവും ഉണ്ടായിരുന്ന മുഴുവന്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ കയ്യേറി കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി ജി.സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. കോട്ടയം റോഡ്‌സ് ഡിവിഷന്‍റെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ റോഡരികിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികളില്‍ ആദ്യഘട്ടമായിരുന്നു ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡിലേത്. വഴിയരികിലെ പെട്ടികടകള്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ ജൂലൈ 14നകം സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഒഴിപ്പിക്കുന്നതാണെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ബൈപാസ് റോഡിന്‍റെ പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിച്ച് രണ്ട് മാസം തികയും മുമ്പാണ് നെടുനീളെ കച്ചവടസ്ഥാപനങ്ങള്‍ ഉയര്‍ന്നത്. ഇത് ഒട്ടേറെ അപകടങ്ങള്‍ക്ക് കാരണമായതായും ആരോപണം ഉയര്‍ന്നിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ തിരുവഞ്ചൂര്‍ കുരിശുപള്ളി കവലയില്‍ നിന്നും ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ ജോലികള്‍ 2.30 മണിയോടെ ഏറ്റുമാനൂരില്‍ അവസാനിച്ചു. പൊളിച്ചെടുത്ത കടകളും ഫ്‌ളക്‌സ് ബോര്‍ഡുകളും കോട്ടയം ടി.ബി.റോഡിലെ റോഡ്‌സ് ഡിവിഷന്‍ വളപ്പില്‍ എത്തിച്ചു.
അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സണ്ണി ജോര്‍ജ്, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ റോമി ചിങ്ങംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം ഉദ്യോഗസ്ഥരും ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ജെ.തോമസിന്‍റെ നേതൃത്വത്തില്‍ അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, മണര്‍കാട്, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍ പോലീസ് സംഘവും മൂന്ന് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും കയ്യേറ്റം ഒഴിപ്പിക്കല്‍ ജോലികളില്‍ പങ്കെടുത്തു. എണ്‍പതോളം ജോലിക്കാരെ കൂടാതെ നാല് മണ്ണുമാന്തി യന്ത്രങ്ങളും എട്ട് ടിപ്പറുകളും കയ്യേറ്റം ഒഴിപ്പിക്കലിന് രംഗത്തുണ്ടായിരുന്നു. അടുത്ത ആഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സണ്ണി ജോര്‍ജ് പറഞ്ഞു.