17 July, 2019 12:23:31 PM


പാലായില്‍ ക്യാൻസര്‍ രോഗിയായ ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതി നിഷേധിച്ച് പൊലീസ്



കോട്ടയം: പാലായില്‍ ക്യാൻസര്‍ രോഗിയായ ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചതായ പരാതി നിഷേധിച്ച് പൊലീസ്. പരാതിക്കാരനായ ഓട്ടോ ഡ്രൈവര്‍ പാല സ്വദേശി അഖില്‍‍ ബോസ് വാഹനം ഓടിക്കുമ്പോള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും മെഡിക്കല്‍ പരിശോധനയില്‍ ഇത് വ്യക്തമായിട്ടുണ്ടെന്നും പറയുന്ന പൊലീസ് അഖിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. എന്നാല്‍ പരുക്കേറ്റ നിലയില്‍ അഖില്‍‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം.


അഖില്‍ ഓടിച്ച ഓട്ടോറിക്ഷ കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്ന് ആരോപിച്ച് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ക്യാൻസര്‍ രോഗിയാണെന്ന് പല തവണ പറഞ്ഞിട്ടും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് അഖിലിന്‍റെ പരാതി. വിവരമറിഞ്ഞ് പാലാ സ്റ്റേഷനിലെത്തിയ അഖിലിന്‍റെ ബന്ധുക്കളുടെ മുന്നില്‍ വച്ചും പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. അഖിലിന്‍റെ മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അഖിലിന്‍റെ മൊഴി രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K