17 July, 2019 11:36:11 AM


ഡ്രൈവര്‍ ജോലിയുടെ മറവില്‍ കഞ്ചാവ് കടത്തും വീട്ടില്‍ കൃഷിയും : ഏറ്റുമാനൂരില്‍ യുവാവ് അറസ്റ്റില്‍



ഏറ്റുമാനൂര്‍: ഡ്രൈവര്‍ ജോലി കഞ്ചാവ് കടത്തിനും വില്‍പനയ്ക്കും മറയാക്കി യുവാവ്. കഞ്ചാവ് വിതരണശൃംഖലയിലെ വലിയ കണ്ണിയായ യുവാവ് അവസാനം എക്‌സൈസ് സംഘം വിരിച്ച വലയില്‍ കുടുങ്ങി. ഏറ്റുമാനൂര്‍ തെള്ളകം മുണ്ടകപ്പാടം കോളനിയില്‍ പുത്തന്‍പറമ്പില്‍ വിജുമോന്‍ (41) ആണ് പിടിയിലായത്. പിടിയിലാവുമ്പോള്‍ വിറ്റതിന്റെ ബാക്കി വന്ന 25 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കലുണ്ടായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വീട്ടിലെ കഞ്ചാവ് കൃഷിയെ കുറിച്ചറിയുന്നത്. 


സ്‌കൂള്‍, കോളേജ് കുട്ടിളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെള്ളകം മുണ്ടകപ്പാടം കോളനിപരിസരവും യുവാവും ഒരാഴ്ചയായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ലോറി ഡ്രൈവറായ ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്ന് ലോറിയിലാണ് കഞ്ചാവ് എത്തിക്കുന്നത്. ഇത്തവണ കൊണ്ടുവന്ന കഞ്ചാവില്‍ 25 ഗ്രാം ഒഴികെ ബാക്കി മുഴുവന്‍ വില്‍പന നടത്തി എന്ന് ഇയാള്‍ മൊഴി നല്‍കി. ഇതിന് പുറമെ വീട്ടില്‍ നട്ടുവളര്‍ത്തുന്ന കഞ്ചാവ് ചെടി ഉണക്കി വില്‍ക്കാറുണ്ടെന്നും പ്രതി പറഞ്ഞു. അഞ്ച് ചെടികള്‍ നട്ടതില്‍ നാല്എണ്ണം പറിച്ച് ഉണക്കി വിറ്റു. ബാക്കി നിന്ന 81 സെമീ നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. ഒരു കഞ്ചാവ് ചെടി വളര്‍ത്തുന്നത് പോലും പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.


നാട്ടുകാരെയെല്ലാം ഭയപ്പെടുത്തിയാണ് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. 500, 1000 രൂപയ്ക്കാണ് പൊതികളാക്കി വിറ്റിരുന്നത്. പ്രതിയെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി ചിറയാത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സജിമോന്‍, ജോസ്, അനു ഗോപിനാഥ്, സി.ഇ.ഒ മാരായ ഷെഫീഖ്, അജു, ആരോമല്‍, സജു, സുരേഷ് ബാബു, നോബി എന്നിവര്‍ പങ്കെടുത്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K