17 July, 2019 10:02:49 AM


തമിഴ്‌നാട്ടില്‍ ഭീകര സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ച 14 പേര്‍ സൗദിയില്‍ ഫണ്ട് സ്വരൂപീകരിക്കവേ പിടിയിലായി




ചെന്നൈ: ഭീകരസംഘടന ഉണ്ടാക്കാന്‍ സൗദി അറേബ്യയില്‍ ശ്രമം നടത്തിയ 14 ഇന്ത്യാക്കാരെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ അന്‍സാറുള്ളയെന്ന ഭീകര സംഘടനയുടെ യൂണിറ്റുണ്ടാക്കാന്‍ ശ്രമിക്കവെയാണ് 14 പേരെ അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയില്‍ ആയിരുന്ന ഇവരെ അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ എത്തിച്ചായിരുന്നു അറസ്റ്റ്. ഇവരെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ജഡ്ജി സെന്തൂര്‍ പാണ്ഡ്യന് മുന്നില്‍ ഹാജരാക്കി. പ്രതികളെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു.


തമിഴ്നാട്ടില്‍ അന്‍സാറുള്ള രൂപീകരിക്കാന്‍ സൗദിയില്‍ പണം ശേഖരിക്കുമ്പോഴാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഇവരെ സൗദി ഇന്ത്യയിലേക്ക് മടക്കി അയക്കുകയായിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്ത് ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്യുകയും അതിനായി ഫണ്ട് സ്വരുകൂട്ടുകയായിരുന്നു ഇവരെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. ഈ കേസിലാണ് ഹസന്‍ അലി, ഹരീഷ് മുഹമ്മദ് എന്നിവരെ എന്‍ഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി പിടിയിലായവര്‍ അന്‍സാറുള്ള എന്ന ഭീകരസംഘടനയുണ്ടാക്കിയ ശേഷം ഇന്ത്യക്കെതിരെ യുദ്ധത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 


ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്‍റുമായ സയ്യിദ് ബുഖാരി, നാഗപ്പട്ടണം സ്വദേശികളായ ഹസന്‍ അലി യാനുസ്മരിക്കാര്‍, മുഹമ്മദ് യൂസഫുദ്ദീന്‍ ഹരീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെ 2019 ജൂലൈ ഒമ്പതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രിമനല്‍ ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധത്തിന് ഒരുങ്ങുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിടിയിലായവരില്‍ നിന്നും ഒമ്പത് മൊബൈലുകള്‍, 15 സിം കാര്‍ഡുകള്‍, ഏഴ് മെമ്മറി കാര്‍ഡുകള്‍, മൂന്ന് ലാപ്ടോപ്പുകള്‍, അഞ്ച് ഹാര്‍ഡ് സിസ്‌ക്കുകള്‍, ആറ് പെന്‍ ഡ്രൈവുകള്‍, ഡോക്കുമെന്‍റുകളടങ്ങിയ മൂന്ന് സിഡി/ഡിവിഡികള്‍ എന്നിവ കണ്ടെടുത്തിരുന്നു. മാഗസിനുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബുക്കുകള്‍ എന്നിവയും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K