15 July, 2019 12:12:59 AM
അംഗീകാരമില്ലാത്ത കുപ്പിവെള്ള വില്‍പ്പന; നടപടി ശക്തമാക്കി റെയിൽവേ; 1371 പേര്‍ അറസ്റ്റില്‍
ദില്ലി: അംഗീകാരമില്ലാത്ത കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ നടപടിയുമായി റെയിൽവേ. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം വിറ്റതിന് 1371 പേരെ അറസ്റ്റ് ചെയ്തു. അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ള വിൽപ്പന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വ്യാപകമായതോടെയാണ് നടപടിയുമായി റെയിൽവേ രംഗത്ത് എത്തിയത്.
ഓപ്പറേഷൻ ടെസ്റ്റ് എന്ന പേരിലാണ് റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയത്. ദില്ലി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള 69000 കുപ്പിവെള്ള ബോട്ടിലുകൾ പിടിച്ചെടുത്തു. അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം വിറ്റ പാന്‍ട്രി കരാറുകാരും, വില്‍പ്പനക്കാരുമാണ് കുടങ്ങിയത്.
ആറു ലക്ഷം രൂപ ഇവരിൽ നിന്ന് പിഴയായി ഈടാക്കി. കഴിഞ്ഞ എട്ടു മുതലാണ് പരിശോധന കർശനമാക്കാൻ റെയിൽവേ മന്ത്രി നിർദ്ദേശം നൽകിയത്. റെയിൽവേയുടെ അംഗീകാരം ലഭിച്ച കുടിവെള്ള കമ്പനികളുടെ ഉൽപ്പന്നങ്ങള്‍ മാത്രമാണ് ട്രെയിനിലും സ്റ്റേഷനുകളിലും വിൽപ്പന നടത്താവൂ എന്നാണ് ചട്ടം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.