14 July, 2019 07:45:05 PM
ഏറ്റുമാനൂര്‍ ടൗണ്‍ഹാള്‍ ഓര്‍മ്മയിലേക്ക്; ഓഫീസ് നിര്‍മ്മാണത്തിന് ഭൂമിപൂജ നടത്തിയത് വിവാദമാകുന്നു
ഏറ്റുമാനൂര്‍: ഒരു കാലത്ത് ഏറ്റുമാനൂരിലെ പ്രധാന യോഗങ്ങള്‍ക്കും ഒട്ടേറെ വിവാഹങ്ങള്‍ക്കും സാക്ഷിയായ ഏറ്റുമാനൂര്‍ ടൗണ്‍ ഹാള്‍ ഓര്‍മ്മയിലേക്ക്. നഗരസഭയുടെ പുതിയ ഓഫീസ് മന്ദിരം നിര്‍മ്മിക്കുന്നതിനായാണ് ഹാള്‍ പൊളിച്ചു മാറ്റുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണം സ്ഥലത്ത് ഭൂമിപൂജ നടത്തി. എന്നാല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് മുന്നോടിയായി മതാചാരപ്രകാരം ഭൂമിപൂജ നടത്തിയതിനെതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ജനങ്ങളുടെ താല്‍പര്യം ഏതെങ്കിലും തരത്തില്‍ ആരായുകയോ നഗരസഭാ കൗണ്‍സിലില്‍ വിശദമായ ചര്‍ച്ച നടത്തുകയോ ചെയ്യാതെ ചില വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് തിടുക്കത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ താല്‍പര്യപ്രകാരമാണ് ഭൂമിപൂജ നടത്തിയതെന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറയുന്നു. പുതിയ നഗരസഭകള്‍ക്ക് കെട്ടിടം പണിയുന്ന ഇവര്‍ ഇതേദിവസം ഹരിപ്പാടും പിറവത്തും ഭൂമിപൂജ ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നഗരമധ്യത്തില്‍ ഒട്ടേറെ സ്ഥലവും സൌകര്യങ്ങളും ഉണ്ടായിട്ടും ഒട്ടും സൌകര്യമില്ലാത്ത സ്ഥലത്ത് ഓഫീസ് പണിയുന്നത് 'എലിയെ പേടിച്ച് ഇല്ലം ചുടുന്ന' പ്രവണതാണെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. മത്സ്യമാര്‍ക്കറ്റ് നഗരഹൃദയത്തില്‍ നിന്നും മാറ്റാതിരിക്കാനുള്ള സ്ഥാപിത താല്‍ര്യമാണിതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ നഗരസഭകള്‍ക്ക് ഓഫീസ് സൗകര്യം വിപുലപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് പഴയ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം. ഗവ ആശുപത്രിയ്ക്കും ക്രിസ്തുരാജ പള്ളിക്കും സമീപം പ്രവര്‍ത്തിച്ചിരുന്ന പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് സൗകര്യങ്ങള്‍ അപര്യാപ്തമായതിന്‍റെ പേരിലും ജനങ്ങള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സ്വകാര്യ ബസ് സ്റ്റാന്‍റിനോട് ചേര്‍ന്ന് നഗരമധ്യത്തിലേക്ക് മാറ്റിയത്. വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ ഓഫീസ് മാറ്റുന്നതിലൂടെ തങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ് ഒരു വര്‍ഷം കഴിയുമ്പോള്‍ ഇറങ്ങിപോകുന്ന ഭരണാധികാരികള്‍ എന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ബസ് സ്റ്റാന്‍റിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിലും ബസിറങ്ങുന്ന യാത്രക്കാര്‍ മൂന്ന് റോഡുകള്‍ കടന്ന് വേണം മാറ്റപ്പെടുന്ന ഓഫീസിലെത്താന്‍.
ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് ടൗണ്‍ ഹാള്‍ കുടുംബകോടതിയ്ക്കായി വാടകയ്ക്ക് കൊടുത്തിരുന്നു. ഇതോടെ കുറഞ്ഞ നിരക്കില്‍ ഏറെ സൗകര്യങ്ങളോടെ ലഭ്യമായിരുന്ന ടൗണ്‍ ഹാളിന്‍റെ പ്രയോജനം നാട്ടുകാര്‍ക്ക് അന്യമാകുകയായിരുന്നു. ഇത് സ്വകാര്യവ്യക്തികളുടെ ഹാളുകള്‍ക്കും കല്യാണമണ്ഡപങ്ങള്‍ക്കും കൂടുതല്‍ ഗുണകരമായി തീരുകയും ചെയ്തു. കുടുംബകോടതി ഇവിടെ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മാറിയിട്ടും ടൗണ്‍ ഹാള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അധികൃതര്‍ മിനക്കെട്ടില്ല. ഇതിനിടെ നിലവിലെ നഗരസഭാ മന്ദിരത്തോട് ചേര്‍ന്ന് പുതിയ ഓഫീസ് സമുശ്ചയം നിര്‍മ്മിക്കുന്നതിന് പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് രൂപരേഖ തയ്യാറാക്കിയതാണ്.
താഴത്തെ നിലയില്‍ പച്ചക്കറി മാര്‍ക്കറ്റും മുകളിലെ നിലകളില്‍ ടൗണ്‍ ഹാളും ഓഫീസും പ്രവര്‍ത്തിക്ക രീതിയിലായിരുന്നു പദ്ധതി വിഭാവന ചെയ്തത്. എന്നാല്‍ പിന്നാലെ വന്ന ചെയര്‍മാന്‍മാര്‍ ഇതിന്‍റെ കടയ്ക്കല്‍ തന്നെ കത്തി വെച്ചു. നഗരസഭ നേരിടുന്ന ഭരണസ്തംഭനത്തിനിടയില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും എതിര്‍പ്പ് മറികടന്ന് ഓഫീസ് മന്ദിരത്തിനായി ടൗണ്‍ ഹാള്‍ പൊളിച്ചു നീക്കുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.