12 July, 2019 06:10:17 PM


ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു; നടപടി മന്ത്രിയുടെ ഉത്തരവനുസരിച്ച്



കോട്ടയം: മന്ത്രിയുടെ ഉത്തരവ് അനുസരിച്ച് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളുമായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും കച്ചവടങ്ങള്‍ നടത്തുകയും ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഇത് പൂര്‍ണ്ണമായി അല്ലെങ്കിലും ഭാഗികമായെങ്കിലും നടപ്പിലാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിച്ചു.


കോട്ടയം റോഡ്സ് ഡിവിഷന്‍റെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ റോഡരികിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡരികില്‍ തിരുവഞ്ചൂര്‍ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള അനധികൃതകയ്യേറ്റം ഒഴിപ്പിക്കും. വഴിയരികിലെ പെട്ടികടകള്‍ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ ജൂലൈ 14നകം സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഒഴിപ്പിക്കുന്നതാണെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


പൂവത്തുംമൂട് പാലത്തിന് സമീപം ജംഗ്ഷനിലും തിരുവഞ്ചൂരിലും വ്യാപകമായ രീതിയിലാണ് പെട്ടികടകളും മറ്റും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉയര്‍ന്നത്. രണ്ടാം ഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തെ അനധികൃതകയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്തും പോലീസും പലവട്ടം പ്രയത്നിച്ചിട്ടും പൂര്‍ണ്ണമായി ഒഴിപ്പിക്കാനാവാതെ നില്‍ക്കുന്നവയാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് റോഡിലെ അനധികൃതകച്ചവടസ്ഥാപനങ്ങള്‍.


റോഡിലെ അനധികൃതകയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ ഉടന്‍ നടപടി എന്നതാണ് മന്ത്രി ജി.സുധാകരന്‍റെ രീതി. ഏറ്റുമാനൂരില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു ബഹുനിലകെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ എം.സി.റോഡരികില്‍ ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പരാതിയില്‍ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. കൊറ്റനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിമരം നാട്ടാനുള്ള സ്തൂപം ഗതാഗതതടസമുണ്ടാക്കുന്നുവെന്ന് നാട്ടുകാരന്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടപ്പോഴും നടപടി ഉടനുണ്ടായി. പരാതിക്കാരന്‍റെ ഫോണ്‍ ഹോള്‍ഡ് ചെയ്ത് കൊണ്ട് തന്നെ സ്ഥലത്തെ എഞ്ചിനീയറെ വിളിച്ച് സ്തൂപം പൊളിച്ചുകളയാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K