10 July, 2019 09:21:40 PM
രാഷ്ട്രീയ പ്രതിസന്ധി ഗോവയിലും; കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്
പനജി: കര്‍ണാടകയ്ക്കു പിന്നാലെ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ ഗോവ നിയമസഭയിലെ 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചാടിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്തും അവര്‍ സ്പീക്കര്‍ക്ക് കൈമാറി.
ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനാകെ 15 എംഎല്‍എമാരാണുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്ക് ബാധകമാവില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. വിമതകോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27 ആവും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും.