09 July, 2019 09:29:53 PM
രാജു നാരായണസ്വാമിയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍; ഗുരുതര ആരോപണങ്ങളുമായി കൃഷിമന്ത്രി ലോക്‌സഭയില്‍
ദില്ലി: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ രാജു നാരായണസ്വാമി പലവിധ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ സ്വഭാവദൂഷ്യത്തിനടക്കം പരാതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തൊമര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.
പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജു നാരായണസ്വാമിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന ഫയല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും അദ്ദേഹത്തെ കൈവിടുന്നത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തോട് രാജു നാരായണസ്വാമി നീതി പുലര്‍ത്തിയിട്ടില്ല. ബോര്‍ഡില്‍ പലവിധ ക്രമക്കേടുകള്‍ നടത്തിയതായി സര്‍ക്കാരിന് ബോധ്യമുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ക്രമക്കേടിന് പുറമെ പെരുമാറ്റദൂഷ്യമടക്കമുള്ള പരാതികളും രാജു നാരായണസ്വാമിക്കെിരെ ലഭിച്ചിട്ടുണ്ട്. ജോലിയില്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചതോടെയാണ് രാജു നാരായണ സ്വാമിയെ കേരള കേഡറിലേക്ക് തിരിച്ചയക്കേണ്ടിവന്നതെന്നും കേന്ദ്രമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. രാജു നാരായണസ്വാമിക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്ത് സംസ്ഥാന ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദവിവരങ്ങള്‍ തേടി മുഖ്യമന്ത്രിക്ക് മടക്കിയിരുന്നു.
അതേസമയം നാളികേര വികസന ബോര്‍ഡിലെ അഴിമതി പുറത്തുകൊണ്ടുവന്നതിന് തനിക്കെതിരെ നീക്കം നടക്കുന്നുവെന്നായിരുന്നു നേരത്തെ രാജു നാരായണസ്വാമി ആരോപിച്ചത്. നാളീകേര വിസകന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് രാജു നാരായണസ്വാമി നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.