08 July, 2019 01:36:41 PM
മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടേ; ഹര്‍ജി തള്ളി സുപ്രീംകോടതി
ദില്ലി : മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കണമെങ്കില്‍ അവര്‍ തന്നെ ഹര്‍ജിയുമായി വരട്ടേ എന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുന്‍പ് ഹൈക്കോടതിയിയും ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് സ്വാമി ദെത്താത്രേയ സായ് സ്വരൂപ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കേരളത്തിലെ മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശന നിരോധനമുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയാതെ പോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേരളാ ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്. പള്ളി പ്രവേശനത്തിന് പുറമേ പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഇതും കോടതി തള്ളി. പര്‍ദ്ദ ദുരുപയോഗം ചെയ്ത് സാമൂഹ്യവിരുദ്ധകാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.