02 July, 2019 03:47:38 PM


കനത്ത മഴ: മരണം 21 ആയി; മുംബൈ വിമാനത്താവളം അടച്ചു; 54 വിമാനങ്ങള്‍ തിരിച്ചുവിട്ടു



മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 21 ആയി. മുംബൈയിലെ മലാഡിലും പുണെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് 13 പേര്‍ മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. പുണെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പുണെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. 


രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.


വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയുമാണ്. 


ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. 54 വിമാനങ്ങള്‍ ഇതേത്തുടര്‍ന്ന് തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K