19 June, 2019 01:52:52 PM
ഓം ബിര്‍ള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു: ബിജെപി നേതാവിന് പ്രതിപക്ഷത്തിന്‍റെ പിന്തുണയും
ദില്ലി: രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഓം ബിര്‍ള (57) പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ചുമതലയേറ്റു. പ്രതിപക്ഷം എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഐക്യകണ്ഠേനേ അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഓം ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നയിച്ചു.
രാജസ്ഥാന്‍റെ വളര്‍ച്ചയില്‍ തന്‍റേതായ പങ്ക് അദ്ദേഹം വഹിച്ചതുള്‍പ്പെടെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവിസ്മരണീയമായ സംഭാവനകള്‍ രാജ്യത്തിന് നല്‍കിയ ആളാണ് ഓം ബിര്‍ളയെന്ന് അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനവും രാഷ്ട്രപുരോഗതിക്കായി നടത്തിയ സംഭവാനകളും പ്രശംസിക്കപ്പെടേണ്ടതാണ്.
കോട്ട പോലൊരു ചെറിയ നഗരം ഇന്ന് നേടിയ വളര്‍ച്ചയില്‍ അദ്ദേഹത്തിന്‍റെ നിരന്തര പരിശ്രമവും കാരണമാണ് - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഓം ബിര്‍ള ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അതിന് മുന്‍പ് മൂന്ന് തവണ അദ്ദേഹം എംഎല്‍എയുമായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ഓം ബിര്‍ള.