17 June, 2019 11:36:02 PM
അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരും; ജെ.പി നദ്ദ വര്‍ക്കിംഗ് പ്രസിഡന്‍റ്
ദില്ലി: ബി.ജെ.പി അധ്യക്ഷനായി അമിത് ഷാ തുടരും. മുതിര്‍ന്ന നേതാവ് ജെ.പി നദ്ദയെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രിയായതോടെ അമിത് ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ജഗത് പ്രകാശ് നദ്ദ എന്ന ജെ.പി നദ്ദ മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗവുമാണ്. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളും സംഘടനാ കാര്യങ്ങളും ഇനി നദ്ദയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് തീരുമാനം പ്രഖ്യാപിച്ചത്. അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടി നിരവധി തെരഞ്ഞെടുപ്പുകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം മറ്റാര്‍ക്കെങ്കിലും നല്‍കണമെന്ന് അമിത് ഷാ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.