17 June, 2019 04:07:30 PM
ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് കൊടിക്കുന്നില്‍: സോണിയ ശകാരിച്ചു; ബിജെപി അനുമോദിച്ചു
ദില്ലി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ സോണിയ ഗാന്ധിക്ക് അതൃപ്തി. കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സോണിയ ഗാന്ധി അതൃപ്തി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയ്ക്ക് ശേഷമാണ് കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്തത്. കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനെ ബിജെപി അംഗങ്ങള്‍ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തിരുന്നു. കേരളത്തില്‍ നിന്നെത്തിയ എം പി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്.
എംപിമാർക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവരവരുടെ ഭാഷയില്ലേയെന്ന് ചോദിച്ച് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ സോണിയ ഗാന്ധി ശകാരിക്കുകയായിരുന്നു. കൊടിക്കുന്നില്‍ തിരികെ തന്‍റെ സീറ്റില്‍ വന്ന് ഇരുന്നപ്പോഴായിരുന്നു ശകാരം. ഇതോടെ കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനം മാറ്റി. സത്യപ്രതിജ്ഞ ഹിന്ദിയിലാവുമെന്ന് അറിയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ നിലപാട് മാറ്റുകയായിരുന്നു. സത്യപ്രതിജ്ഞ ഹിന്ദിയിലാക്കാന്‍ പഠിക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.