17 June, 2019 10:51:13 AM
നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് പരിക്ക്
ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് പരിക്ക്. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ ഇന്ത്യന് പോസ്റ്റിന് നേരെയാണ് പാക് പ്രകോപനമുണ്ടായത്. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റിന് നേരെ രൂക്ഷമായ ഷെല്ലാക്രമണമാണ് പാകിസ്താന്‍ നടത്തിയത്. ഇതിനിടെയാണ് ജവാന് പരിക്കേറ്റത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ അതിര്‍ത്തി രക്ഷാ സേന ശക്തമായി തിരിച്ചടി നടത്തി. ഇരുഭാഗത്തുനിന്നും വെടിവെപ്പ് തുടരുകയാണെന്നാണ് വിവരം. ഞായറാഴ്ച പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും സൈനികരുടെ സഹായത്തിനായി നിയമിച്ചിട്ടുള്ള ഒരാള്‍ക്കും പരിക്കേറ്റിരുന്നു. ഷാപുര്‍ സെക്ടറിലായിരുന്നു വെടിവെപ്പ് നടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്