14 June, 2019 08:21:58 PM
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്നു; 300 ഡോക്ടര്‍മാര്‍ രാജിവച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ റസിഡന്‍റ് ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തുടങ്ങിയ സമരം രാജ്യവ്യാപകമാകുന്നു. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ബംഗാളില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു. സമരം തീര്‍ക്കാന്‍ നടപടി എടുക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയും കേന്ദ്രവും ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബംഗാളിനെ വര്‍ഗീയമായി വിഭജിക്കാന്‍ ബിജെപി നടത്തുന്ന ഗൂഢാലോചനയാണ് സമരമെന്നും ഇത് ന്യൂനപക്ഷ വിരുദ്ധസമരമാണെന്നും ആരോപിച്ച് തിരിച്ചടിക്കുകയാണ് മമതാ ബാനര്‍ജി. കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചു തുടങ്ങിയ സമരമാണ് ഇപ്പോള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് വഴിമാറുന്നത്.
ദില്ലി, പൂനൈ, മുംബൈ, ബംഗലൂരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കി ഐക്യദാര്‍ഢ്യമറിയിച്ചു. ദില്ലി എയിംസിലടക്കം രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു. കേരളത്തിലും ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധമുണ്ടായി. തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഐഎംഎ ആഹ്വാനം ചെയ്തു. വടക്കന്‍ ബംഗാള്‍ മെഡിക്കല്‍ കോളേജിലെ 27 ഡോക്ടര്‍മാരും ആര്‍ജികര്‍ മെഡിക്കല്‍ കോളേജിലെ 16 ഡോക്ടര്‍മാരും രാജിവച്ചു.
ബംഗാളില്‍ മാത്രം മുന്നൂറോളം ഡോക്ടര്‍മാര്‍ രാജിവച്ചതായി ദേശീയമാധ്യമങ്ങള്‍ പറയുന്നു. ബിജെപി പിന്തുണയോടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ബംഗാളില്‍ ന്യൂനപക്ഷ വിരുദ്ധ സമരം നടത്തുകയാണെന്നാണ് മമതയുടെ ആരോപണം. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ സമരക്കാരുമായി ഇതിനിടെ കൂടിക്കാഴ്ച നടത്തി. പ്രശ്നത്തില്‍ നേരിട്ട് ഇടപെടണമെന്നും സമരം അവസാനിപ്പിക്കണമെന്നും ഹര്‍ഷവര്‍ധന്‍ മമതയോട് ആവശ്യപ്പെട്ടു.