13 June, 2019 05:21:35 PM
തകര്‍ന്ന വ്യോമസേന വിമാനത്തിലെ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
ദില്ലി: അരുണാചലില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെത്തി. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.
ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നിനാണ് അസമിലെ ജോര്‍ഹാട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മച്ചാക്കുവിലേക്കുള്ള യാത്രാമധ്യേ എഎന്‍ 32 വിമാനം കാണാതായത്. കഴിഞ്ഞ ദിവസം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വടക്കന്‍ ലിപോയ്ക്കു സമീപത്തെ മലഞ്ചെരിവില്‍ വ്യോമസേനയുടെ തെരച്ചില്‍ സംഘം പരിശോധന നടത്തിയിരുന്നു.
വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്ക് സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല്‍ 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ സംഘമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തേടിയിരുന്നു