13 June, 2019 09:26:01 AM
രാജധാനി എക്സ്പ്രസിന്‍റെ തീപിടിച്ച ബോഗിയിൽ കേരള എക്സ്പ്രസ് ഇടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
നാഗ്പൂര്‍: നാഗ്പൂരിനും മധ്യപ്രദേശിലെ ഇറ്റാർസിക്കും ഇടയിൽ രാജധാനി എക്സ്പ്രസിന് തീപിടിച്ചു. കേരളത്തിൽനിന്ന് ചൊവ്വാഴ്ച പുറപ്പെട്ട 12625 നമ്പർ കേരള എക്സ്പ്രസ് അപകടത്തിൽ പെട്ട ട്രെയിനിന്‍റെ ബോഗിയിൽ ഇടിച്ചു. രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. കേരള എക്സ്പ്രസിന്‍റെ മുൻപിൽ കടന്നുപോയ രാജധാനി എക്‌സ്പ്രസിന്‍റെ ജനറേറ്റർ കാറിനാണ് തീ പിടിച്ചത്.
വിവരമറിഞ്ഞ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി തീ പിടിച്ച ബോഗി മുറിച്ചു മാറ്റി. എന്നാൽ പിന്നാലെയെത്തിയ കേരള എക്സ്പ്രസിന്‍റെ എൻജിനിൽ ജനറേറ്റർ കാറിടിക്കുകയായിരുന്നു. ജനറേറ്റർ കാര്‍ തീപിടിച്ച നിലയില്‍ കണ്ട കേരള എക്സ്പ്രസിന്‍റെ ലോക്കോ പൈലറ്റ് ട്രെയിൻ പിന്നോട്ട് എടുത്തെങ്കിലും ജനറേറ്റർ കാർ പിന്നോട്ടുരുണ്ട് ഇടിക്കുകയായിരുന്നു.
പരിഭ്രാന്തരായ യാത്രക്കാർ പുറത്തിറങ്ങി. റയിൽവേ ഉദ്യോഗസ്ഥർ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് അഞ്ചോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേരള എക്സ്പ്രസ് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. രാജധാനി എക്സ്പ്രസിന്‍റെ തീപിടിച്ച ബോഗി മാറ്റിയതിനു ശേഷം ആറു മണിക്കൂർ വൈകിയാണ് യാത്ര പുനരാരംഭിച്ചത്.