11 June, 2019 08:51:46 PM
കൊടുംചൂട്: ട്രയിനിലെ മരണനിരക്ക് കൂടുന്നു; കേരളാ എക്സ്പ്രസില്‍ ഇന്ന് മരിച്ചത് നാല് പേര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരള എക്സ്പ്രസില്‍ കനത്ത ചൂടിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശികളായ നാലു യാത്രക്കാര്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമാണ്. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിൽ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ട്രെയിന്‍ ഝാന്‍സി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
മൃതദേങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വാരണാസിയും ആഗ്രയും സന്ദര്‍ശിച്ച് മടങ്ങിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് മരിച്ചത്. കൊടുംചൂടിനെ തുടര്‍ന്ന് ഏഴാം തീയതി ഗാസിപുര്‍ സ്വദേശി രാജേഷ് ഗുപ്തയെ ഖുശിനഗര്‍ എക്‌സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ 1ന് സീതയെന്ന പെണ്‍കുട്ടിയെ യുപി ജന്‍സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടിരുന്നു.