09 June, 2019 07:59:58 PM
റോഡ് പൊട്ടിപ്പൊളിഞ്ഞു: ജനക്കൂട്ടത്തിനു നടുവില്‍ എന്‍ജിനീയറെ ശിക്ഷിച്ച് എംഎല്‍എ; പരാതിയുമായി എഞ്ചിനിയറുടെ ഭാര്യ
ഭുവനേശ്വര്‍: റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ക്കു ജനക്കൂട്ടത്തിനു നടുവില്‍ ശിക്ഷ വിധിച്ച് എംഎല്‍എ. ഒഡീഷയിലെ പട്‌നാഗറില്‍ നിന്നുള്ള എംഎല്‍എയാണ് പരസ്യമായി എന്‍ജീനീയറെ അപമാനിച്ചത്. സംഭവസ്ഥലം സന്ദര്‍ശിക്കാനായി ബോലങ്കീര്‍ ജില്ലയില്‍ എത്തിയപ്പോഴാണ് ജനക്കൂട്ടത്തിനു നടുവില്‍ വെച്ച് സരോജ് മെഹര്‍ എംഎല്‍എ എന്‍ജീയറെക്കൊണ്ട് ഏത്തമിടിച്ചത്. വീഡിയോ പുറത്തായതോടെ സംഭവം വിവാദമായി.
എംഎല്‍എയോട് ഉദ്യോഗസ്ഥന്‍ മാപ്പ് അപേക്ഷിക്കുന്നതും എന്നാല്‍ എംഎല്‍എ ഇതൊന്നും ചെവിക്കൊള്ളാത്തതുമൊക്കെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തന്റെ ആജ്ഞ ആണെന്ന് ശബ്ദമുയര്‍ത്തിയാണ് ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കുന്നത്. തന്നെ അനുസരിച്ചില്ലെങ്കില്‍ ജനങ്ങളെ കൊണ്ട് തല്ലിക്കുമെന്നും എംഎല്‍എ ഭീഷണി മുഴക്കി. ശിക്ഷ വിധിച്ചതിനു പിന്നാലെ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ഉദ്യോഗസ്ഥനെ ജനമധ്യത്തില്‍ വെച്ച് തല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവിനെ പരസ്യമായി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന്റെ ഭാര്യ എംഎല്‍എയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി