08 June, 2019 04:07:58 PM


ട്രയിന്‍ യാത്ര കൂടുതല്‍ സുഖകരമാകുന്നു; കോച്ചുകളില്‍ ഇനി മസാജ് സര്‍വ്വീസും



ദില്ലി: ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലാദ്യമായി ട്രെയിനുകളിൽ മസാജ് സർവ്വീസും. യാത്രയ്ക്കിടെ ആവശ്യമുള്ള യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയിൽവെ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 39 ട്രെയിനുകളിൽ ഈ സേവനം ലഭിക്കും. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ കോച്ചുകളിൽ ലഭിക്കുന്ന ഈ സേവനം അടുത്ത 20 ദിവസത്തിനുള്ളിൽ ആരംഭിക്കും. 


ഇൻഡോറിൽ നിന്ന് ആരംഭിക്കുന്ന ട്രെയിനുകളിലാണ് ഈ സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഡെറാഡൂൺ-ഇൻഡോർ എക്സ്‌പ്രസ് (14317), ന്യൂ ദില്ലി - ഇൻഡോർ ഇന്റർസിറ്റി എക്സ്‌പ്രസ് (12416), ഇൻഡോർ - അമൃത്സർ എക്സ്‌പ്രസ് (19325) എന്നീ ട്രെയിനുകളിലുൾപ്പടെയാണ് ഈ സേവനം ലഭിക്കുക. മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യും. ഇവർക്ക് റെയിൽവെ തിരിച്ചറിയൽ കാർഡും നൽകും. 


ടിക്കറ്റിതര വരുമാന വർദ്ധനവിനായി സോണുകളോടും റെയിൽവെ ഡിവിഷനുകളോടും പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ റെയിൽവെ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി പശ്ചിമ റെയിൽവെയുടെ വെത്‌ലാം ഡിവിഷനാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇത് വരുമാനവും യാത്രക്കാരുടെ എണ്ണവും ഉയർത്തുമെന്ന് റെയിൽവെ പ്രതീക്ഷിക്കുന്നുണ്ട്. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിലായി 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകൾ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K