07 June, 2019 06:23:16 PM
എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല: മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന് മുന്‍ മന്ത്രിയുടെ സഹോദരന്‍റെ മര്‍ദ്ദനം
പട്‌ന: മെഡിക്കല്‍ ഷോപ്പിലെത്തിയ മുന്‍ മന്ത്രിയുടെ സഹോദരനെ എണീറ്റ് നിന്ന് ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് ഷോപ്പിലെ കെമിസ്റ്റ് ആയ യുവാവിന് മര്‍ദ്ദനം. ബിഹാറില്‍ ബെട്ടിയ നഗരത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ മുന്‍ മന്ത്രിയുടെ സഹോദരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ജൂണ്‍ മൂന്നാം തിയതിയായിരുന്നു സംഭവം. വീഡിയോ പുറത്തായതോടെയാണ് സംഭവം പുറത്തായത്. വീഡിയോയില്‍ മുന്‍ മന്ത്രി റെനു ദേവിയുടെ സഹോദരന്‍ പിനുവിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
മെഡിക്കല്‍ ഷോപ്പിലെത്തിയ പിനു ഷോപ്പിലെ കെമിസ്റ്റിനോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളുടെ ആവശ്യം നിരാകരിച്ച കെമിസ്റ്റിനെ പിനു മര്‍ദ്ദിക്കുകയും ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് പുറത്തേക്ക് തള്ളുകയും ചെയ്തു. എന്നാല്‍ താന്‍ സഹോദരനുമായി നല്ല ബന്ധത്തിലല്ലെന്ന് മുന്‍ മന്ത്രിയായിരുന്ന റെനു ദേവി പ്രതികരിച്ചു. ഒരിക്കലും തെറ്റായ പെരുമാറ്റം അംഗീകരിക്കില്ലെന്നും, വര്‍ഷങ്ങളായി പിനുവുമായി നല്ല ബന്ധത്തിലല്ലെന്നും അവര്‍ പറഞ്ഞു. ആരെങ്കിലും തെറ്റ് കാണിച്ചാല്‍ അയാള്‍ ശിക്ഷിക്കപ്പെടണം, അത് ഇപ്പോള്‍ ഞാന്‍ ആണെങ്കില്‍പോലും' അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.