06 June, 2019 07:37:33 AM
ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവം: മെഡി. കോളേജ് ഉള്‍പ്പെടെ ആശുപത്രികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്
കോട്ടയം : എച്ച് 1 എന്‍1 പനി ബാധിതനായ രോഗി ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മരിച്ച തോമസിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് നടപടി. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികില്‍സാ പിഴവിനുമാണ് കേസെടുത്തത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഭാഗത്തു നിന്നുള്ള വീഴ്ച സംബന്ധിച്ചും അന്വേഷണം തുടങ്ങി.
ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് സമയത്ത് ചികിത്സ ലഭിക്കാതെ ഇന്നലെ മരിച്ചത്. ശ്വാസതടസ്സം നേരിട്ട രോഗിയെ ഉച്ചയ്ക്ക് 2.15ഓടെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സൗകര്യമില്ല എന്ന് പറഞ്ഞ് രോഗിയെ നോക്കാന്‍ പോലും ആരും തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പിആര്‍ഒ ബെഡ്ഡില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പിന്നീട് ജേക്കബ് തോമസിനെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയായ കാരിത്താസില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കപ്പെട്ടു. പിന്നീട് മാതാ ആശുപത്രിയിലും രോഗിയെ കൊണ്ടു പോയി. അവിടെ നിന്നും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ വെച്ച് തന്നെ രോഗി മരിക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതേസമയം രോഗിക്ക് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ അത്യാഹിത വിഭാഗത്തിലെ ആശയവിനിമയത്തില്‍ പിഴവുണ്ടായെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതെന്ന് കോട്ടയം മെഡിക്കല്‍കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍ പറഞ്ഞു. രോഗി എത്തിയത് അത്യാഹിത വിഭാഗത്തിലെ പിആര്‍ഒ ഡോക്ടര്‍മാരെ അറിയിച്ചില്ല. രോഗിയുടെ ബന്ധുക്കള്‍ പിആര്‍ഒയോട് വെന്റിലേറ്റര്‍ സൗകര്യമുളള ICU ബെഡാണ് അന്വേഷിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പിആര്‍ഒ മറുപടി നല്‍കി. ഇതിനിടെ രോഗിയെ മെഡിക്കല്‍ കോളജില്‍ നിന്ന് കൊണ്ടുപോയെന്നും ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.