04 June, 2019 04:54:43 PM


എസ്.പി - ബി.എസ്.പി സഖ്യം വഴി പിരിയുന്നു; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും - അഖിലേഷ് യാദവ്



ലഖ്‌നൗ: ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും വഴിപിരിയുന്നു. എസ്.പി സഖ്യം ഗുണം ചെയ്തില്ലെന്നും സഖ്യം വഴിപിരിയുകയാണെന്നും യു.പിയില്‍ 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതികരണവുമായി അഖിലേഷ് യാദവും രംഗത്ത് വന്നിരിക്കുകയാണ്.


സഖ്യമില്ലെങ്കില്‍ സമാജ്‌വാദി പാര്‍ട്ടി 11 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. രണ്ട് പാര്‍ട്ടികള്‍ക്കും വ്യത്യസ്ത വഴിയില്‍ നീങ്ങാനാണ് താല്‍പ്പര്യമെങ്കില്‍ അങ്ങനെ മുന്നോട്ട് പോകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ മുന്നേറ്റം തടയാനാണ് പതിറ്റാണ്ടുകള്‍ നീണ്ട വൈര്യം അവസാനിപ്പിച്ച് എസ്.പിയും ബി.എസ്.പിയും ഒരുമിച്ചത്. എന്നാല്‍ സഖ്യം കൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ല. യു.പിയിലെ 80 സീറ്റില്‍ 62 സീറ്റുകളിലും ബി.ജെ.പി വിജയം ആവര്‍ത്തിച്ചു. എസ്.പി സഖ്യം കൊണ്ട് ബി.എസ്.പിക്ക് നേട്ടമുണ്ടായില്ലെന്നാണ് മായാവതിയുടെ വിലയിരുത്തല്‍.


ബി.എസ്.പി 2014ലെ പൂജ്യം സീറ്റില്‍ നിന്ന് പത്ത് സീറ്റായി നില മെച്ചപ്പെടുത്തിയപ്പോള്‍ എസ്.പിക്ക് അഞ്ച് സീറ്റ് തന്നെയാണ് ലഭിച്ചത്. ശക്തികേന്ദ്രങ്ങളില്‍ പോലും കനത്ത തിരിച്ചടിയാണ് എസ്.പി നേരിട്ടത്. കനൗജില്‍ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് 12000 വോട്ടിന് പരാജയപ്പെട്ടു.  സഖ്യമായി മത്സരിച്ചുവെങ്കിലും ഇരു പാര്‍ട്ടികളുടെയും അനുഭാവികളുടെ വോട്ട് കൃത്യമായി പോള്‍ ചെയ്യപ്പെട്ടില്ല. കുടുംബക്കാര്‍ മത്സരിച്ച സീറ്റില്‍ പോലും സമാജ്‌വാദി പാര്‍ട്ടിക്ക് അവരുടെ വോട്ട് നിലനിര്‍ത്താനായില്ലെന്നും മായാവതി ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ മായാവതി തീരുമാനിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K