31 May, 2019 03:07:05 PM


പരാതി മറച്ചുവെച്ച് കുഴല്‍ കിണറിന് അനുമതി: നാട്ടുകാര്‍ നഗരസഭയില്‍; കൌണ്‍സില്‍ മാറ്റിവെച്ചു




ഏറ്റുമാനൂര്‍: നാട്ടുകാരുടെ പരാതി മറികടന്ന് സ്വകാര്യവ്യക്തിക്ക് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ഏകപക്ഷീയമായി അനുമതി നല്‍കിയ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ നടപടിയില്‍ പ്രതിഷേധം ആളികത്തുന്നു. വെള്ളിയാഴ്ച പരിസരവാസികളും റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും നഗരസഭയില്‍ എത്തി ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിനെ കണ്ടെങ്കിലും തന്‍റെ നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് ക്ഷുഭിതനായി അദ്ദേഹം കാബിനില്‍ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന്  പരാതിക്കാര്‍ പ്രതിഷേധവുമായി കൗണ്‍സില്‍ നടക്കുന്ന ഹാളിന് വെളിയില്‍ നിലയുറപ്പിച്ചു.


തങ്ങളുടെ പരാതി എന്ത് കൊണ്ടാണ് കൌണ്‍സിലില്‍ ചര്‍ച്ചയ്ക്ക് എടുക്കാതിരുന്നതെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നും തന്റെ തീരുമാനം പുനപരിശോധിക്കില്ലെന്നും ചെയര്‍മാന്‍ ധാര്‍ഷ്ഠ്യത്തോടെ പറഞ്ഞത് നാട്ടുകാരെ ചൊടിപ്പിച്ചു. പ്രദേശവാസികളുടെ പരാതി കൌണ്‍സിലില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ്, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് എന്നിവരുടെ ആവശ്യം അംഗീകരിക്കാനും ചെയര്‍മാന്‍ തയ്യാറായില്ല. തന്‍റെ വാര്‍ഡിലെ ഒരു പ്രശ്നമായിട്ടും കുഴല്‍കിണറിന് അനുമതി നല്‍കിയ വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭാ 34-ാം വാര്‍ഡ് കൌണ്‍സിലര്‍ ഉഷാ സുരേഷ് നാട്ടുകാരോട് പറഞ്ഞത്. 


പ്രദേശവാസികളുടെ പരാതി ചര്‍ച്ചക്ക് വെക്കാതെ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് അനുമതി നല്‍കിയ നടപടിയെ കൗണ്‍സിലര്‍മാരും ചോദ്യം ചെയ്തു. ഇതോടെ സെക്രട്ടറിയും സൂപ്രണ്ടും ഹാജരായിട്ടില്ല, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം മരണമടഞ്ഞു എന്നീ കാരണങ്ങള്‍ പറഞ്ഞ് കൗണ്‍സില്‍ യോഗം മാറ്റിവെക്കുന്നതായി ചെയര്‍മാന്‍ അറിയിച്ചു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ചെയര്‍മാനും സംഘവും സ്വകാര്യവ്യക്തിയുടെ പക്കല്‍ നിന്നും എഴുതി വാങ്ങിയ പരാതി ഉയര്‍ത്തികാട്ടി നാട്ടുകാരെയും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും ഒന്നടങ്കം അധിക്ഷേപിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ ചെയര്‍മാന്‍ ഉയര്‍ത്തികാട്ടുന്ന പരാതി വ്യാജവും കെട്ടിചമച്ചതുമായതിനാലാണ് ജനങ്ങളുടെ വാദം കേള്‍ക്കാന്‍ ഒട്ടും തയ്യാറാകാത്തതെന്ന് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പറഞ്ഞു. 


ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ നാട്ടുകാരുടെ പരാതി ചെയര്‍മാനെയും സെക്രട്ടറിയെയും കാണിച്ച ശേഷമായിരുന്നു ഏപ്രില്‍ 24ന് നഗരസഭയില്‍ ഏല്‍പ്പിച്ചത്. പരാതി നിലനില്‍ക്കുമ്പോള്‍ അനുമതി നല്‍കില്ലെന്ന് അന്ന് പറഞ്ഞ ചെയര്‍മാന്‍ ഇപ്പോള്‍ തങ്ങളെ പ്രതികൂട്ടിലാക്കി സ്വകാര്യവ്യക്തിയുടെ പക്ഷം ചേര്‍ന്നതിനെയാണ് നാട്ടുകാര്‍ ചോദ്യം ചെയ്യുന്നത്. ഇതിനുപിന്നാലെ ഭൂജലവകുപ്പ് മെയ് 15ന് നഗരസഭയ്ക്കു നല്‍കിയ കത്തിലും നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്നതായി ചൂണ്ടികാട്ടിയിരുന്നു. മാത്രമല്ല പരാതിയുടെ പകര്‍പ്പും ഈ കത്തിനോടൊപ്പം നഗരസഭയ്ക്ക് നല്‍കിയിരുന്നു. എന്നിട്ടും ഇതെല്ലാം മറച്ചുവെച്ച് ചെയര്‍മാന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്താണ് നാട്ടുകാര്‍ വെള്ളിയാഴ്ച നഗരസഭയില്‍ എത്തിയത്. എന്നാല്‍ നാട്ടുകാരുടെ വാദം കേള്‍ക്കാന്‍ പോലും ചെയര്‍മാന്‍ തയ്യാറായില്ല.


കൌണ്‍സില്‍ യോഗം മാറ്റിയതിനെ തുടര്‍ന്നും തിങ്കളാഴ്ച നടക്കുന്ന കൌണ്‍സിലില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ് ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞത്. വിഷയം ചൂണ്ടികാട്ടി പരിസരവാസികളും റസിഡന്‍റ്സ് അസോസിയേഷനും മുഖ്യമന്ത്രി, ഭൂജലവകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K