29 May, 2019 08:32:20 PM
മമത ബാനർജി നാളെ ധർണ്ണ തുടങ്ങും: ദില്ലിയിലല്ല; പകരം കൊൽക്കത്ത നൈഹാറ്റി മുനിസിപ്പാലിറ്റിക്ക് മുന്നിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് പ്രസിഡന്റുമായ മമത ബാനർജി നാളെ മുതൽ ധർണ്ണ സമരം തുടങ്ങും. തെരഞ്ഞെടുപ്പിൽ 18 ലോക്സഭ സീറ്റുകളിൽ വിജയിച്ച ബിജെപിയുടെ പ്രവർത്തകർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും കടകളും തകർത്തുവെന്ന് ആരോപിച്ചാണ് സമരം.
കൊൽക്കത്തയിലെ നൈഹാറ്റി മുനിസിപ്പാലിറ്റിക്ക് മുന്നിലാണ് അവർ സമരം തുടങ്ങുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വളരെയേറെ അക്രമങ്ങൾ നടന്ന സ്ഥലങ്ങളിലൊന്നാണ് നൈഹാറ്റി. തൃണമൂൽ കോൺഗ്രസിന്റെ ഓഫീസുകൾ ബിജെപി പ്രവർത്തകർ കൈയ്യേറുകയോ തകർക്കുകയോ ചെയ്തെന്നാണ് മറ്റൊരു ആരോപണം. കുച്ച് ബിഹാ, നോർത്ത് 24 പർഗനാസ് ജില്ലകളിൽ ബിജെപി പ്രവർത്തകർ, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായി പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണപത്രം സ്വീകരിച്ച മമത ബാനർജി ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മമത ഇപ്പോൾ ധർണ്ണാ സമരം നടത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.